കൊച്ചി: പൂർണമായും തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി കപ്പൽ വിക്രാന്ത് സെപ്‌തംബർ രണ്ടിന് രാജ്യത്തിനു സമർപ്പിക്കും. കൊച്ചി കപ്പൽശാലയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കുന്നതോടെ കപ്പൽ ‘ഐഎൻഎസ് വിക്രാന്ത്’ എന്നറിയപ്പെടും.
രാജ്യത്ത് നിർമിച്ചതിൽ ഏറ്റവും വലിയ യുദ്ധക്കപ്പലാണിത്. വിക്രാന്തിന്റെ നിർമാണം നിർവഹിച്ച കൊച്ചി കപ്പൽശാലയ്‌ക്കും ഇത് അഭിമാന മുഹൂർത്തം. കപ്പലിന്റെ നിർമാണവസ്തുക്കളിൽ 76 ശതമാനവും രാജ്യത്തുതന്നെ നിർമിച്ചതാണ്. മുകൾഡെക്കിൽ 10 യുദ്ധവിമാനങ്ങളും കീഴ്‌ഡെക്കിൽ 20 വിമാനങ്ങളും വിന്യസിക്കാൻശേഷിയുള്ള വിക്രാന്ത് അഞ്ച് സമുദ്ര പരീക്ഷണയാത്രകൾക്കുശേഷം ജൂലൈ ഇരുപത്തെട്ടിനാണ് നാവികസേനയ്‌ക്കു കൈമാറിയത്. തുടർന്ന് നാവികസേനയുടെ അവസാനഘട്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിവരികയാണ്.
262 മീറ്റർ നീളവും 62 മീറ്റർ വീതിയും 59 മീറ്റർ ഉയരവുമുള്ള കപ്പലിന്റെ നിർമാണച്ചെലവ് 20,000 കോടി രൂപയാണ്. 2300 കംപാർട്‌മെന്റുകളുണ്ട്. 1700 പേർക്ക് താമസിക്കാം. 45,000 ടണ്ണാണ് ഭാരം. 88 മെഗാവാട്ട് കരുത്തുള്ള നാല് വാതക ടർബൈൻ എൻജിനുകൾ വിക്രാന്തിലുണ്ട്. 28 നോട്ടിക് മൈൽ വേഗമുണ്ടാകും. ഒറ്റയാത്രയിൽ 7500 നോട്ടിക്കൽ മൈൽ ദൂരംവരെ സഞ്ചരിക്കാനാകും. നിർമാണത്തിന് 21,500 ടൺ സ്റ്റീൽ ഉപയോഗിച്ചു. കൊച്ചി കപ്പൽശാലയുടെ അടിസ്ഥാനസൗകര്യ വികസനത്തിനും ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും അവസരം ഉപകരിച്ചു.
ഭാരത് ഇലക്ട്രോണിക്സ്, ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്, കെൽട്രോൺ, കിർലോസ്കർ തുടങ്ങിയ ഇന്ത്യൻ സ്ഥാപനങ്ങൾ നിർമിച്ച ഉപകരണങ്ങളാണ് കൂടുതലും ഉപയോഗിച്ചത്. അഞ്ഞൂറ്റമ്പതോളം എൻജിനിയറിങ് സേവനദാതാക്കൾ കപ്പൽനിർമാണത്തിൽ പങ്കാളികളായി.രാജ്യത്തിന്റെ ആദ്യ വിമാനവാഹിനിക്കപ്പലിന്റെ പേരാണ് 2009ൽ നിർമാണം ആരംഭിച്ച ഈ കപ്പലിനും നൽകിയത്.