ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിന പരേഡില്‍ കഴിഞ്ഞ തവണ പ്രതിരോധമന്ത്രാലായത്തിന് മുന്നില്‍ അവതരിപ്പിച്ച ഫ്ലോട്ടിന്‍റ പ്രമേയം അംഗീകരിക്കാത്തതിലെ നിരാശയില്‍ നാരീശക്തിയുമായി കേരളം രാജ്യത്തിന് മുന്നില്‍ വീണ്ടും പ്രാതിനിധ്യം അറിയിക്കുകയാണ്. നാടന്‍ കലാ പാരമ്പര്യം പിന്തുടരുന്നതാണ് ഫ്ലോട്ടിന്‍റെ പ്രമേയം. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 24 സ്ത്രീകള്‍ ഫ്ലോട്ടില്‍ അണിനിരക്കും. കളരിപ്പയറ്റും, ശിങ്കാരിമേളവും, ഗോത്രനൃത്തവുമൊക്കെയായി കേരളത്തിന്‍റെ ഫ്ലോട്ട് കര്‍ത്തവ്യപഥിലൂടെ നീങ്ങും. ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് നഞ്ചിയമ്മയുടെ നേതൃത്വത്തിൽ പാലക്കാട് അട്ടപ്പാടി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗോത്രകലാമാണ്ഡലത്തിൽ നിന്നുള്ള എട്ട് കലാകാരികള്‍ കേരളത്തിൻ്റെ ടാബ്ലോയ്ക്ക് ചാരുത പകരുo.
അട്ടപ്പാടിയിലെ വിവിധ ഊരുകളിൽ നിന്നുള്ള ശോഭ ബി, ശകുന്തള, യു.കെ, റാണി ബി, പുഷ്പ കെ, സരോജിനി, രേഖ എൽ,വിജയ, ഗൗരി എൽ എന്നിവരാണ് ഗോത്രനൃത്തം അവതരിപ്പിക്കുന്നത്. ആയോധനകലയായ കളരിപ്പയറ്റ് അവതരിപ്പിക്കുന്നത് ഡൽഹി നിത്യചൈതന്യ കളരിയിലെ ബി.എൻ.ശുഭയും എം. എസ് ദിവ്യശ്രീയുമാണ്. അങ്കത്തട്ടില്‍ വാശിയോടെ പയറ്റുന്നത് അമ്മയും മകളുമാണെന്നത് മറ്റൊരു കൗതുകം. വീട്ടമ്മമാരായ പന്ത്രണ്ടോളം കുടുംബശ്രീ വനിതകൾ അണിനിരക്കുന്ന ശിങ്കാരിമേളവും കേരള ടാബ്ലോയെ ശ്രദ്ധാകേന്ദ്രമാക്കും.