കോട്ടയം> പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പോളിങ് കുറഞ്ഞത് വിവാദമാക്കാൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്തിറങ്ങിയതിനു പിന്നാലെ സുധാകരന്റെ വാദം തള്ളി മുൻ മന്ത്രിയും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവുമായ കെ സി ജോസഫ്. വോട്ടർ പട്ടിക പുതുക്കാത്തതു മൂലമാണ് കണക്കുകളിൽ പോളിങ് ശതമാനം കുറഞ്ഞതെന്നും കെ സി ജോസഫ് പറഞ്ഞു.പോളിങ് ശതമാനം കുറഞ്ഞതിൽ അത്ഭുതപ്പെടാനൊന്നുമില്ല. കഴിഞ്ഞ നിയമസഭാസഭാ തെരഞ്ഞെടുപ്പിലെ വോട്ടർപ്പട്ടിക തന്നെയാണ് ഉപതെരഞ്ഞെടുപ്പിലും ഉപയോഗിച്ചത്. അതിനു ശേഷം മരിച്ചുപോയവരെ പട്ടികയിൽനിന്ന് നീക്കിയിട്ടില്ല. ഉമ്മൻചാണ്ടിയുടെ പേരും പട്ടികയിൽ ഉണ്ടായിരുന്നു. നിരവധി ചെറുപ്പക്കാർ ജോലിക്കും വിദ്യാഭ്യാസത്തിനുമായി വിദേശത്ത് പോയിട്ടുണ്ട്. അവരുടെ പേരും പട്ടികയിലുണ്ട്. ഈ കണക്കുകൾ പരിശോധിക്കുമ്പോൾ ഇപ്പോഴത്തെ വോട്ടിങ് ശതമാനം ഒട്ടും അതിശയിപ്പിക്കുന്നതല്ല. ഒരു തരത്തിലും വോട്ടു ചെയ്യാൻ കഴിയാത്തവരെ ഒഴിവാക്കിയാൽ ഏതാണ്ട് 76 ശതമാനമായിരിക്കും പോളിങ് എന്നും കെ സി ജോസഫ് പറഞ്ഞു. പുതുപ്പള്ളിയിലെ ജനങ്ങൾ യാഥാർഥ്യ ബോധത്തോടെ തന്നെ വോട്ടവകാശം വിനിയോഗിച്ചിട്ടുണ്ടെന്നും വേട്ടെണ്ണുമ്പോൾ സിപിഐ എമ്മിന് അത് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.
പോളിങ് മനഃപൂർവം വൈകിപ്പിച്ചതിനാൽ യുഡിഎഫിന്റെ എല്ലാ വോട്ടർമാർക്കും വോട്ടു ചെയ്യാനാകാത്തതിനാലാണ് പോളിങ് ശതമാനം കുറഞ്ഞതെന്നായിരുന്നു സുധാകരന്റെ ആരോപണം.