കണ്ണൂർ> കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പണത്തിന് വേണ്ടി എന്തും ചെയ്യുമെന്ന് സന്തത സഹചാരിയും മുൻ ഡ്രൈവറുമായ എം പ്രശാന്ത് ബാബു. സുധാകരന് പല വീക്ക്‌നെസുമുണ്ട്. അതിൽ ഏറ്റവും പ്രധാനം പണമാണെന്നും കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. അനധികൃത സമ്പാദനത്തെ കുറിച്ച് പ്രശാന്ത് ബാബു നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കവെയാണ് വെളിപ്പെടുത്തൽ. തന്റെ പരാതിയിൽ വിജിലൻസ് ആദ്യം കണ്ണൂരിൽ വന്ന് മൊഴിയെടുത്തു. പിന്നീട് കോഴിക്കോട് വിജിലൻസ് ഓഫീസിലേക്ക് വിളിപ്പിച്ചും ചോദ്യം ചെയ്‌തു. തനിക്കറിയാവുന്ന മുഴുവൻ വിവരങ്ങളും നൽകിതായും പ്രശാന്ത്‌ബാബു പറഞ്ഞു.
വിജിലൻസ് കേസ് പിൻവലിക്കാൻ സുധാകരന്റെ ഇടനിലക്കാരൻ മുഖേന 25 ലക്ഷം കോഴ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ പരാതിയിൽ ഉറച്ച് നിൽക്കാനാണ് തീരുമാനം. വനം മന്ത്രിയായിരുന്നപ്പോൾ ചന്ദനതൈലം കടത്തിയതിനെ കുറിച്ച് അന്ന് എ കെ ആൻറണിക്ക് ഉൾപ്പെടെ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പകരം വനം വകുപ്പ് സെക്രട്ടറിയായിരുന്ന ഭരത് ഭൂഷണെ മാറ്റി. വനം മന്ത്രിയായിരിക്കെ തേക്കുകൾ മുറിക്കാൻ അനുമതി നൽകിയിരുന്നെങ്കിൽ പോലും കോടികൾ സമ്പാദിക്കാൻ കഴിയുമെന്നായിരുന്നു കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ കാറിൽ ഡീസൽ അടിക്കാൻ ആയിരം രൂപ പോലും ഇല്ലാതിരുന്നയാൾക്ക് കോടികളുടെ ആസ്‌തി ഉണ്ടായത് എങ്ങനെയാണ്.
അഴിമതിപ്പണം ഉപയോഗിച്ചാണ് കോടികൾ വിലമതിക്കുന്ന ആഡംബര വീട് നിർമ്മിച്ചത്.പിന്നീട് കണ്ണൂർ നഗരസഭ ഭരണം ഉപയോഗിച്ചും വൻ തട്ടിപ്പിന് ശ്രമിച്ചു. ചിറക്കൽ രാജാസ് സ്‌കൂൾ വാങ്ങാൻ വേണ്ടി 16 കോടി രൂപ പിരിച്ചതിന് പുറമെ 50 ലക്ഷം കൈക്കൂലിയും ചോദിച്ചു.
കണ്ണൂരിലെ പാർട്ടി പ്രവർത്തകരെ ക്രിമിനൽവത്കരിച്ചു. ഞാൻ ഉൾപ്പെടെയുള്ള പ്രവർത്തകർ ഈ ക്രിമിനൽ സംഘത്തിൽ പെട്ടുപോയതാണ്. നാൽപാടി വാസു വധക്കേസിൽ 43 ദിവസം ജയിലിൽ കിടന്നു. സേവറി ഹോട്ടൽ അക്രമം ഉൾപ്പെടെയുള്ള നിരവധി അക്രമങ്ങളുടെയും ആസൂത്രകൻ സുധാകരനായിരുന്നു. ഇ പി ജയരാജനെ വധിക്കാൻ ചണ്ഡിഗഢിലേക്ക് വാടക ഗുണ്ടകളെ അയക്കുന്നതിനും മുമ്പ് തൃശൂരിലെ മറ്റൊരു ക്വട്ടേഷൻ സംഘത്തെ ഇതേ ആവശ്യത്തിന് നിയോഗിക്കാൻ ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ്സിനെ വ്യഭിചരിച്ചയാളാണ് സുധാകരൻ. പലനാൾ കള്ളൻ ഒരു നാൾ പിടിയിലാകുമെന്നും പ്രശാന്ത്‌ബാബു പറഞ്ഞു.