കൊച്ചി > കരുവന്നൂർ ബാങ്ക് ക്രമക്കേട് കേസിൽ ക്രൈംബ്രാഞ്ച് ഇഡിയുടെ അന്വേഷണത്തിന് തടസ്സം നിൽക്കുന്നുവെന്ന ആരോപണം വസ്‌തുതാ വിരുദ്ധം. ആവശ്യപ്പെട്ട ഫയലുകൾ ഇഡിക്ക് കൈമാറിയില്ലന്ന വാദവും തെറ്റ്.ആവശ്യപ്പെട്ട മുഴുവൻ ഫയലുകളും ഇ.ഡിക്ക് കൈമാറിയതായി ക്രൈംബ്രാഞ്ച് 2022 ഡിസംബർ 9 ന് തന്നെ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇക്കാര്യം നിഷേധിക്കാൻ ഇ.ഡി ഇതുവരെ കോടതിയിൽ തയ്യാറായിട്ടില്ല. യഥാർത്ഥത്തിൽ ക്രൈം ബ്രാഞ്ചാണ് ഇ.ഡി കൈവശപ്പെടുത്തിയ ആധാരങ്ങളൂം അനുബന്ധ രേഖകളും വിട്ടു നൽകണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടത്. ഇതിനായി രണ്ട് തവണ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി കത്ത് നൽകുകയും ചെയ്‌തു. രേഖകൾ വിട്ട് കിട്ടാൻ 2022 ഒക്ടോബർ 10 നും നവംബർ 1 നും ഇഡിക് നൽകിയ കത്തുകൾ ഹൈക്കോടതിയിൽ ഹാജരാക്കുകയും ചെയ്‌തിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന കേസിലാണ് കത്തുകൾ ഹൈക്കോടതിയിൽ ഹാജരാക്കിയത്. ആദ്യം ബാങ്കിലെ ഒരു മുറിയിൽ പൂട്ടിവച്ചിരുന്ന രേഖകൾ പിന്നീട് ഇഡി എടുത്ത് കൊണ്ടുപോവുകയായിരുന്നു. രേഖകൾ വിട്ട് തരാനാവില്ലെന്ന് വ്യക്തമാക്കി ഇ.ഡി നൽകിയ കത്തുകളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
പ്രധാന കേസ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്‌ത കേസാണ്. ആ കേസ് ശരിയായി അന്വേഷിച്ചാൽ മാത്രമേ ഇഡിയുടെ അന്വേഷണം ശരിയായ ദിശയിൽ നടത്താൻ കഴിയൂ എന്നുള്ള വസ്‌തുത മറച്ചുവച്ചാണ് ക്രൈംബ്രാഞ്ചിനെതിരെ ദുരാരോപണം ഉന്നയിക്കുന്നത്. ഇ.ഡി വിചാരണ കോടതിയിൽ നടത്തിയ വസ്‌തുതാവിരുദ്ധ പരാമർശങ്ങൾ നിയമപരവുമല്ല. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കുറ്റകൃത്യങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്‌ത കേസിനാണ് പ്രാമുഖ്യം. അതിനാൽ ക്രൈം ബ്രാഞ്ചിൻ്റെ കേസ് അന്വേഷണം തടസ്സപ്പെടാതിരിക്കേണ്ടത് ഇഡിയുടെ കൂടെ ആവശ്യമാണ്.