കൂറ്റനാട് > കഥകളി ആചാര്യൻ കൂറ്റനാട് വാവനൂർ മങ്ങാട്ട് വീട്ടിൽ ഗോപി നായർ (കോട്ടക്കൽ ഗോപി നായർ,97) അന്തരിച്ചു. സംസ്കാരം ശനി ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. അഞ്ച്പതിറ്റാണ്ടിലേറെ കോട്ടക്കൽ പിഎസ് വി നാട്യ സംഘത്തിൽ വിദ്യാർഥിയായും നടനായും പ്രധാനാചാര്യനുമായും പ്രവർത്തിച്ചു.ആദ്യകാലത്ത് സ്ത്രീ വേഷങ്ങളും പിന്നീട് ബ്രാഹ്മണൻ, കുചേലൻ, പരശുരാമൻ തുടങ്ങിയ വേഷങ്ങളും അവതരിപ്പിച്ച് ശ്രദ്ധേയനായി. പട്ടിക്കാംതൊടി രാവുണ്ണി മേനോനാശാൻ, വാഴേങ്കട കുഞ്ചുനായരാശാൻ തുടങ്ങിയവരുടെ കീഴിലായിരുന്നു കഥകളി അഭ്യസിച്ചത്. കഥകളിയോടൊപ്പം തന്നെ കോട്ടക്കൽ ആര്യ വൈദ്യശാലാ മരുന്നു വിതരണ വിപണനരംഗത്തും സജീവമായിരുന്നു. സാംസ്കാരികരംഗത്തും കാർഷിക രംഗത്തും മറ്റു സാമൂഹ്യ രംഗങ്ങളിലും സജീവമായിരുന്നു.
അഷ്ടാംഗം ആയുർവേദ കോളേജ് വൈസ് ചെയർമാൻ, പ്രതീക്ഷ പാലിയേറ്റീവ് കെയറിന്റെ രക്ഷാധികാരി, വാഴേങ്കട കുഞ്ചുനായർ സ്മരകട്രസ്റ്റ് നേതൃത്വം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. കേരള കലാമണ്ഡലം പട്ടിക്കാംതൊടി അവാർഡ്, കലാദർപ്പണം അവാർഡ്, കാറൽമണ്ണ സംസ്തുതി സമ്മാൻ തുടങ്ങിയ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: വെട്ടത്തിൽ രാധ അമ്മ. മക്കൾ: രമണി, അശോകൻ, സുധാകരൻ, സതീശൻ. മരുമക്കൾ: ഗോവിന്ദൻകുട്ടി, സുപ്രിയ, ജോത്സന, ദീപ.