തിരുവനന്തപുരം> കലിംഗ സർവകലാശാലയുടെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് വിദ്യാർഥി പ്രവേശനം നേടിയ സംഭവത്തിൽ കോളേജ് അധികൃതരോട് വിശദീകരണം തേടാൻ കേരള സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. സർവകലാശാല നിശ്ചയിച്ച അന്വേഷണ സമിതി സമർപ്പിച്ച റിപ്പോർട്ടിൽ കായംകുളം എംഎസ്എം കോളേജിലെ പ്രിൻസിപ്പൽ, കൊമേഴ്സ് വിഭാഗം മേധാവി, വിവരാവകാശ ഉദ്യോഗസ്ഥൻ, അധ്യാപകർ എന്നിവർ വീഴ്ചവരുത്തിയെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി. സിൻഡിക്കേറ്റ് യോഗത്തിൽ വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ അധ്യക്ഷനായി. സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. ജി മുരളീധരൻ പിള്ള. ഡോ. ജെ എസ് ഷിജൂഖാൻ, പ്രൊഫ. പി എം രാധാമണി, ഡോ. എസ് ജയൻ, ആർ. രാജേഷ്, ഡോ. കെ ജി ഗോപ്ചന്ദ് എന്നിവർ പങ്കെടുത്തു.വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കി പ്രവേശനം നേടിയ നിഖിൽ തോമസിന്റെ പ്രവേശനം സർവകലാശാല മുൻപെ റദ്ദാക്കിയിരുന്നു. കൂടാതെ കലിംഗ സർവകലാശാലയുടെതെന്ന രീതിയിൽ സമർപ്പിച്ച സിലബസിന്റെ അടിസ്ഥാനത്തിൽ നൽകിയ ബി കോം തുല്യതാ സർട്ടിഫിക്കറ്റും കേരള സർവകലാശാല പിൻവലിച്ചിരുന്നു.