കൊച്ചി> ദ്വീപ സമൂഹങ്ങളിലുള്ള ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ കഴിയുന്ന ഏറ്റവും വിപ്ലവകരമായ പദ്ധതിയാണ് കൊച്ചി വാട്ടര്‍ മെട്രോ എന്ന് മന്ത്രി പി രാജീവ്. പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ച കൊച്ചി വാട്ടര്‍ മെട്രോയുടെ ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി ലോക നിലവാരത്തിലേക്ക് ഉയരുന്നതിന്റെ മറ്റൊരു ഘട്ടമാണിത്. 1136.83 കോടി രൂപയുടെ പദ്ധതിയാണ് കൊച്ചി വാട്ടര്‍ മെട്രോ. കേരള സര്‍ക്കാരും ജര്‍മന്‍ ഫണ്ടിംഗ് ഏജന്‍സിയും ചേര്‍ന്നാണ് പൂര്‍ണ്ണമായും ഇതിനാവശ്യമായ ഫണ്ട് സമാഹരിച്ചിട്ടുള്ളത്. സാധാരണ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്ന പദ്ധതിയാണിത്. ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്‌ക്കാനും പദ്ധതി സഹായകരമാണ്. ആസ്വാദ്യകരമായ യാത്രയും ഇതുവഴി സാധ്യമാകുന്നു. കേരളത്തിന്റെ ഈ പദ്ധതി ഇന്ത്യക്കാകെ മാതൃകയാണെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ ശ്രദ്ധേയമാണ്. ഇത് ഓരോ മലയാളിക്കും കേരളത്തിനും അഭിമാനിക്കാന്‍ വക നല്‍കുന്നതാണ്. സൗരോര്‍ജം ഉപയോഗിച്ചുള്ള അത്യാധുനിക ബോട്ടുകളാണ് വാട്ടര്‍ മെട്രോയിലുള്ളത്. റോഡ് കണക്‌ടിവിറ്റി, മെട്രോ, വാട്ടര്‍ മെട്രോ എന്നിവയെല്ലാം ഒറ്റ ടിക്കറ്റില്‍ സാധ്യമാകുകയാണ്. മന്ത്രി പറഞ്ഞു.
ലോകത്തില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഇടങ്ങളില്‍ ഒന്നായി കേരളത്തെ അടയാളപ്പെടുത്തിയിട്ടുണ്ട്. കേരളത്തെ കുറേക്കൂടി ആകര്‍ഷകമാക്കുന്നതിന് വാട്ടര്‍ മെട്രോ പദ്ധതി സഹായകരമാകും. കേരളം കാണാനെത്തുന്നവര്‍ക്ക് കൊച്ചിയിലെ ദ്വീപ സമൂഹങ്ങളുടെ സൗന്ദര്യം കൂടി ആസ്വദിക്കാന്‍ അവസരമൊരുങ്ങുകയാണ്. ഇത് ഗ്രാമീണ സമ്പദ് ഘടനയെ ഏറെ ശക്തിപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊച്ചി വാട്ടര്‍ മെട്രോ വെബ് സൈറ്റും മന്ത്രി പുറത്തിറക്കി. ഇന്റഗ്രേറ്റഡ് മെട്രോ കാര്‍ഡിന്റെ വിതരണോദ്ഘാടനം മന്ത്രി മേയര്‍ക്ക് കൈമാറി നിര്‍വഹിച്ചു. കൊച്ചി മേയര്‍ എം അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍ എം പി വിശിഷ്ടാതിഥിയായി. എംഎല്‍എമാരായ കെ ബാബു, ടി ജെ വിനോദ്, കെ ജെ മാക്‌സി, ആന്റണി ജോണ്‍, കെ എന്‍ ഉണ്ണികൃഷ്‌ണന്‍, ഉമ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസ്, ജില്ലാ കളക്‌ടര്‍ എന്‍ എസ് കെ ഉമേഷ്, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് പ്രൊജക്‌ട് ഡയറക്‌ടര്‍ ഡോ. എം പി രാംനവാസ്, കൊച്ചി വാട്ടര്‍ മെട്രോ ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സാജന്‍ പി ജോണ്‍, കൊച്ചി വാട്ടര്‍ മെട്രോ ചീഫ് ജനറല്‍ മാനേജര്‍ ഷാജി ജനാര്‍ദനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.