മൂവാറ്റുപുഴ : കുടുംബം പോറ്റാൻ സ്വദേശം വിട്ട് കേരളത്തിലെത്തിയ അസം സ്വദേശിക്ക് 80 ലക്ഷത്തിന്റെ ഭാഗ്യം. വ്യാഴാഴ്ച നറുക്കെടുത്ത കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമാണ് അലാലുദ്ദീനെ (40) തേടിയെത്തിയത്. അപ്രതീക്ഷിതമായി ഭാഗ്യം കൈവന്ന അലാലുദ്ദീന് ആദ്യം ഭയം തോന്നിയെങ്കിലും അത് ഉള്ളിലടക്കി നേരേ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. എന്നാൽ കാര്യങ്ങൾ പൊലീസുകാരെ പറഞ്ഞ് മനസിലാക്കിക്കാൻ അലാലുദ്ദീന് സമയമെടുത്തു. അപ്പോഴേക്കും സമയം ആറര കഴിഞ്ഞിരുന്നു. മൂവാറ്റുപുഴ സ്റ്റേഷനിലെ പിആർഒ ആർ അനിൽകുമാറിന്റെ പക്കൽ ടിക്കറ്റേല്പിച്ചു. ലോട്ടറിയും മറ്റ് തിരിച്ചറിയൽ രേഖകളും എല്ലാമായി പോലീസ് അലാലുദ്ദീനെ നേരേ ബാങ്ക് ഓഫ് ബറോഡയുടെ മൂവാറ്റുപുഴ ശാഖയിലേക്ക് കൊണ്ടുപോയി. മാനേജരോട് പൊലീസ് കാര്യങ്ങൾ വിശദീകരിച്ചപ്പോൾ തന്നെ ലോട്ടറി കൈപ്പറ്റി രസീത് നൽകി. വെള്ളിയാഴ്ച രാവിലെ ബാക്കി നടപടികൾ പൂർത്തിയാക്കും. അസം നഗോൺ സ്വദേശിയാണ് അലാലുദ്ദീൻ. കഴിഞ്ഞ 15 വർഷത്തോളമായി അദ്ദേഹം കേരളത്തിലുണ്ട്. രണ്ട് മക്കളും ഭാര്യയും അടങ്ങുന്ന അലാലുദ്ദീന്റെ കുടുംബം നാട്ടിലാണ്.
അതേസമയം കഴിഞ്ഞ ആഴ്ച നറുക്കെടുത്ത നിർമൽ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഏജന്റിനാണ് ലഭിച്ചത്. വിൽക്കാതെ വച്ച നിർമ്മൽ ലോട്ടറിയിൽ നിന്നാണ് പാലായിൽ ലോട്ടറി കച്ചവടം നടത്തുന്ന പൂഞ്ഞാർ സ്വദേശി ചന്ദ്രശേഖരന് ഒന്നാം സമ്മാനം അടിച്ചത്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. പാലായിലെ ഭഗവതി സെന്ററിൽ നിന്നാണ് ചന്ദ്രശേഖരൻ ലോട്ടറി വാങ്ങുക. പിന്നെ നേരെ പാലായിലും പരിസരത്തുമുള്ള കടകളിലെല്ലാം കയറിയിറങ്ങും. വൈകീട്ടായാൽ പൂഞ്ഞാറിലെത്തും. അങ്ങനെ കച്ചവടം നടത്തുന്നതിനിടയിലാണ് താൻ വിൽക്കാൻ വാങ്ങിയ ലോട്ടറിക്കാണ് ഒന്നാം സമ്മാനം എന്നറിഞ്ഞത്. പിന്നെ ലോട്ടറി വാങ്ങിയ ആ ഭാഗ്യശാലിയെ കണ്ടെത്താനായി ശ്രമം. അപ്പോഴാണ് കൈയ്യിൽ കുറച്ച് ലോട്ടറി ബാക്കിയുണ്ടെന്ന് ഓർത്തത്. ഉടൻ തന്നെ അതെടുത്ത് പരിശോധിച്ചപ്പോഴാണ് താൻ ആണ് ആ ഭാഗ്യശാലിയെന്ന സത്യം ചന്ദ്രശേഖരൻ തിരിച്ചറിഞ്ഞത്.