തിരുവനന്തപുരം ∙ കഴിഞ്ഞ ഒരു വർഷത്തിനിടെ നറുക്കെടുത്ത 7 ബംപർ ടിക്കറ്റുകളിൽ 3 ഒന്നാം സമ്മാനങ്ങൾ പോയത് പാലക്കാട്ടേക്ക്. മൺസൂൺ, ക്രിസ്മസ്, ഇന്നലത്തെ തിരുവോണം ബംപർ എന്നിവയുടെ ഒന്നാം സമ്മാനങ്ങളാണു പാലക്കാട്ടേക്കു പോയത്. തമിഴ്നാട്ടിൽനിന്ന് ആളെത്തി കേരള ഭാഗ്യക്കുറി വാങ്ങുന്നതിനാൽ ടിക്കറ്റ് വിൽപനയിൽ പാലക്കാടും തിരുവനന്തപുരവുമാണു മുൻപിൽ. ഓണം ബംപർ ടിക്കറ്റ് വിൽപനയിൽ മുന്നിലുള്ള ജില്ലകൾ: പാലക്കാട് (7.19 ലക്ഷം), തിരുവനന്തപുരം (6.33 ലക്ഷം), തൃശൂർ (5.90 ലക്ഷം), എറണാകുളം (5.57 ലക്ഷം), കോട്ടയം (3.92 ലക്ഷം).
സമ്മാനം അതിർത്തി കടന്നു പോയാൽ അതു നേടിയെടുക്കുന്നതിനു ചില കടമ്പകളുണ്ട്. തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ ലോട്ടറി ടിക്കറ്റ് വിൽപനയ്ക്കു നിരോധനമുള്ളതിനാൽ അവിടെ വിൽപന പാടില്ല. അവിടത്തെ സമ്മാനാർഹർ തങ്ങൾ കേരളത്തിലെത്തിയപ്പോഴാണ് ടിക്കറ്റ് വാങ്ങിയതെന്ന് ലോട്ടറി വകുപ്പിനെ ബോധിപ്പിക്കണം. പതിവായി സമ്മാനം ലഭിക്കുന്ന ജില്ലകളിലെത്തി ടിക്കറ്റ് വാങ്ങുന്ന പതിവ് മുൻപുണ്ടായിരുന്നു. ഇപ്പോൾ എല്ലാ ജില്ലകളിലെയും ടിക്കറ്റുകൾ ഏതു ജില്ലകളിലും കിട്ടും. ലോട്ടറി വകുപ്പ് ഇത് അനുവദിക്കാറില്ലെങ്കിലും ഏജൻസികൾ പരസ്പരം ടിക്കറ്റ് കൈമാറിയാണു ജില്ലകൾ കടന്നു ടിക്കറ്റ് വിൽക്കുന്നത്. വിൽപനയാണ് മുഖ്യ ലക്ഷ്യമെന്നതിനാൽ ലോട്ടറി വകുപ്പു ഇത്തരം പ്രവണതകൾക്കു നേരെ കണ്ണടയ്ക്കുകയാണ്. ടിക്കറ്റുകൾ സെറ്റാക്കി വിൽക്കുന്നതും വ്യാപകമാണ്.
സമ്മാനമോ? എനിക്കോ?
സഹായ ആവശ്യവുമായി വന്നവരെ പേടിച്ചു സ്വന്തം വീട്ടിൽ താമസിക്കാൻ പോലും കഴിയാത്ത ദുരനുഭവമായിരുന്നു കഴിഞ്ഞ ഓണം ബംപർ ഒന്നാം സമ്മാനമടിച്ച തിരുവനന്തപുരം സ്വദേശി അനൂപ് നേരിട്ടത്. ഇതോടെ പിന്നീട് നറുക്കെടുത്ത 6 ബംപർ ടിക്കറ്റുകളിൽ 5 എണ്ണത്തിന്റെയും സമ്മാനാർഹർ സമ്മാനം കൈപ്പറ്റിയെങ്കിലും പരസ്യമായി രംഗത്തു വന്നില്ല. കഴിഞ്ഞ മൺസൂൺ ബംപറിന്റെ ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ച മലപ്പുറത്തെ 11 ഹരിതകർമ സേനാംഗങ്ങൾ മാത്രമാണു സ്വയം രംഗത്തുവന്നത്.
അച്ചടിക്കാത്ത ടിക്കറ്റും നറുക്കെടുക്കാം; സമ്മാനം കിട്ടില്ല
തിരുവനന്തപുരം∙ റഷ്യൻ കൾചറൽ സെന്ററിൽ ഇന്നലെ ഓണം ബംപർ ടിക്കറ്റ് നറുക്കെടുക്കുമ്പോൾ വിൽക്കാത്ത ടിക്കറ്റും അച്ചടിക്കാത്ത ടിക്കറ്റും നറുക്കെടുത്തത് എങ്ങനെ? മിക്ക ലോട്ടറി നറുക്കെടുപ്പുകളിലും ഇത്തരത്തിൽ വിൽക്കാത്ത ടിക്കറ്റും അച്ചടിക്കാത്ത ടിക്കറ്റും നറുക്കെടുക്കാറുണ്ടെന്ന് ലോട്ടറി വകുപ്പ് വൃത്തങ്ങൾ പറഞ്ഞു. കാരണം, ടിക്കറ്റുകൾ ഒരുമിച്ചിട്ട് അതിൽനിന്ന് ഒരെണ്ണം തിരഞ്ഞെടുത്ത് ഒന്നാം സമ്മാനാർഹനെ കണ്ടെത്തുന്നതല്ല നറുക്കെടുപ്പ് രീതി. 85 ലക്ഷത്തോളം ടിക്കറ്റുകൾ വിൽക്കുമ്പോൾ അതു സാധ്യവുമല്ല.
12 സീരീസുകളിലായാണ് ലോട്ടറി ടിക്കറ്റുകൾ അച്ചടിക്കുന്നത്. 2 ഇംഗ്ലിഷ് അക്ഷരങ്ങൾ നൽകിയാണ് ഓരോ സീരീസിനെയും വേർതിരിക്കുന്നത്. അതിനു ശേഷം ആറക്ക നമ്പർ. ഇതു രണ്ടും ചേർന്നതാണ് ലോട്ടറി ടിക്കറ്റ് നമ്പർ. ഉദാഹരണത്തിന് ഇന്നലെ ഒന്നാം സമ്മാനം ലഭിച്ച നമ്പർ ടിഇ 230662. നറുക്കെടുപ്പിന് ഉപയോഗിക്കുന്ന മെഷീനിൽ ബട്ടൺ അമർത്തുമ്പോൾ വിവിധ കള്ളികളിലായി അക്കങ്ങൾ കറങ്ങി വന്നു നിൽക്കും. ഇതാണ് സമ്മാനാർഹമായ നമ്പർ. ഇത് അച്ചടിച്ച നമ്പറാണോ എന്നും ലോട്ടറി ഓഫിസുകളിൽ നിന്നു വിറ്റുപോയ നമ്പറാണോ എന്നും ഉടൻ ഉദ്യോഗസ്ഥർ കംപ്യൂട്ടറിൽ പരിശോധിക്കും. വിറ്റിട്ടുണ്ടെങ്കിൽ മാത്രമേ ആ നമ്പർ നറുക്കെടുത്തതായി പ്രഖ്യാപിക്കൂ. അച്ചടിക്കുകയോ വിൽക്കുയോ ചെയ്തിട്ടില്ലെങ്കിൽ ആ സമ്മാനത്തിനായി വീണ്ടും നറുക്കെടുക്കും. ലോട്ടറി ഓഫിസിൽനിന്നു വിതരണം ചെയ്ത ടിക്കറ്റുകളെല്ലാം വിറ്റതായാണു കണക്കാക്കുക. ഏജന്റിന്റെ പക്കൽ വിൽക്കാതെ ബാക്കിയിരിക്കുന്ന ടിക്കറ്റുകളും വിറ്റവയുടെ കൂട്ടത്തിലാണ് ലോട്ടറി വകുപ്പ് ഉൾക്കൊള്ളിക്കുക.
അടിക്കുമ്പോൾ 25 കോടി; കിട്ടുമ്പോൾ 15.75 കോടി, കയ്യിലോ 12.88 കോടി
ഓണം ബംപർ: 25 കോടി
ഏജൻസി കമ്മിഷൻ (10%)– 2.5 കോടി
ബാക്കി 22.5 കോടിയുടെ സമ്മാന നികുതി (30%)– 6.75 കോടി
ബംപർ അടിച്ചയാളുടെ അക്കൗണ്ടിലെത്തുന്നത്– 15.75 കോടി
നികുതിത്തുകയ്ക്കുള്ള സർചാർജ് (37%*)–2,49,75,000 രൂപ
നികുതിയും സർചാർജും ചേർന്നുള്ള തുകയ്ക്ക് ആരോഗ്യ വിദ്യാഭ്യാസ സെസ് (4%)–36,99,000 രൂപ
അക്കൗണ്ടിലെത്തിയ തുകയ്ക്കുള്ള ആകെ നികുതി** –2.85 കോടി
എല്ലാ നികുതിയും കഴിഞ്ഞു ബാക്കി തുക– 12,88,26,000 രൂപ
*സർച്ചാർജ് ഒരു കോടി മുതൽ 2 കോടി വരെ 15%, തുടർന്ന് 5 കോടി വരെ 25%, തുടർന്ന് 37%
** ഈ തുക ലോട്ടറി വകുപ്പ് ഈടാക്കാറില്ല. ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ നൽകേണ്ടത്.