തിരുവനന്തപുരം: ഇത്തവണ ഓണം ബമ്പർ ഒന്നൊന്നര ബമ്പറായിരിക്കും. കഴിഞ്ഞ മൂന്ന് വർഷത്തെ പതിവ് വിട്ട് ഓണം ബമ്പറിന്റെ സമ്മാനത്തുക ലോട്ടറി വകുപ്പ് ഉയർത്തിയിരിക്കുകയാണ്. 25 കോടിയാണ് ഒന്നാം സമ്മാനം. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭാഗ്യക്കുറി സമ്മാനതുകയാണിത്. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ 12 കോടിയായിരുന്നു തിരുവോണം ബമ്പറിന്റെ സമ്മാനത്തുക.
25 കോടിയുടെ ഒന്നാം സമ്മാനമടിച്ചാൽ 15.75 കോടി രൂപയാണ് ജേതാവിന് കിട്ടുക. 2.5 കോടി രൂപ ഏജന്റ് കമ്മീഷനും, നികുതിയും കിഴിച്ചുള്ള തുകയാണിത്. രണ്ടാം സമ്മാനം അഞ്ച് കോടി രൂപ ഒരാൾക്ക്. മൂന്നാം സമ്മാനം ഒരു കോടി രൂപ വീതം പത്ത് പേർക്ക്. ആകെ 126 കോടി രൂപയുടെ സമ്മാനം ഉണ്ടാകും. അഞ്ചുലക്ഷം രൂപയാണ് സമാശ്വാസ സമ്മാനം. ഒന്‍പത് പേര്‍ക്കാകും സമാശ്വസ സമ്മാനം ലഭിക്കുക. തിരുവോണം ബമ്പറിന്റെ വിൽപ്പന ജൂലൈ 18നാണ് ആരംഭിക്കുകയെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. സെപ്റ്റംബര്‍ 18നാണ് നറുക്കെടുപ്പ് നടക്കും. സമ്മാനത്തുക വർദ്ധിക്കുന്നതോടൊപ്പം തന്നെ ടിക്കറ്റ് വിലയിലും വ്യത്യാസമുണ്ട്. നിലവിലെ 300 രൂപയില്‍ നിന്ന് 500 രൂപയായാണ് ടിക്കറ്റ് വില ഉയരുന്നതെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു.
ടിക്കറ്റ് വില കൂടിയെങ്കിലും സമ്മാനത്തുക വലിയ ആകർഷണഘടകമാകും എന്നാണ് ധനവകുപ്പിന്റെ പ്രതീക്ഷ. ഓണം ബമ്പറിന് റെക്കോർഡ് സെയിലാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ഇതുവഴി നികുതിയേതര വരുമാനത്തിൽ വളർച്ചയും സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്. ഓണം ബമ്പർ കൂറെക്കൂടി ആകർഷകമാക്കാൻ സമ്മാനത്തുക ഉയർത്തണമെന്ന നിർദ്ദേശം നേരത്തെ തന്നെ ഉയർന്നിരുന്നു. 25 കോടിയായോ, 50 കോടിയായോ തുക ഉയർത്താമെന്നായിരുന്നു ലോട്ടറി വകുപ്പിന്റെ ശുപാർശ. 25 കോടിയെന്ന നിർദ്ദേശം ധനവകുപ്പ് അംഗീകരിക്കുകയായിരുന്നു. സമ്മാനതുക ഉയരുന്നത് കച്ചവടത്തെ സഹായിക്കുമെന്നാണ് ലോട്ടറി ഏജൻസികളും പ്രതീക്ഷിക്കുന്നത്.
ഒരു ടിക്കറ്റ് വിറ്റാൽ കമ്മീഷനായി കിട്ടുക 96 രൂപയായിരിക്കും. 58 രൂപയായിരുന്നു കഴിഞ്ഞ തവണ ഒരു ടിക്കറ്റിനുള്ള കമ്മീഷൻ. കൂട്ടം ചേർന്നുള്ള ടിക്കറ്റെടുപ്പ് വൻ തോതിൽ ഉയരുമെന്നാണ് കച്ചവടക്കാർ പറയുന്നത്. അതേസമയം സാധാരണക്കാർക്ക് താങ്ങാനാകുന്ന വിലയല്ലെന്ന ആശങ്കയും ഉയരുന്നുണ്ട്. വെള്ളിയാഴ്ചയാണ് ടിക്കറ്റ് റിലീസ്.90 ലക്ഷം ടിക്കറ്റുകൾ ഇത്തവണ അച്ചടിക്കും. കഴിഞ്ഞ വർഷം 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. കൊവിഡ്കാല പ്രതിസന്ധികളും സാമ്പത്തിക ബുദ്ധിമുട്ടുകളും ഒക്കെ മറികടന്ന് ഇത്തവണത്തെ ഓണം കുറച്ചുകൂടികളറാകുമെന്നാണ് ലോട്ടറി പ്രേമികളുടെ പ്രതീക്ഷ. ഒരുപക്ഷേ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന സമ്മാനതുകയുള്ള
ഭാഗ്യക്കുറി ഇനി കേരളത്തിന് സ്വന്തം.