ന്യൂഡല്‍ഹി : റെക്കോർഡ് നേട്ടവുമായി രാജ്യത്തെ ഏറ്റവും വലിയ ശുചിത്വ സർവേയായ സ്വച്ഛ് സർവേക്ഷൺ ഫലം പ്രഖ്യാപിച്ചപ്പോൾ മിന്നും പ്രകടനം നടത്തി കേരളം ഏറെ മുന്നിലെത്തി. ഇതാദ്യമായാണ് കേരളത്തിൽ നിന്നുള്ള എട്ട് നഗരസഭകൾ ( കൊച്ചി, മട്ടന്നൂർ, തൃശൂർ, കോഴിക്കോട്, ആലപ്പുഴ, ഗുരുവായൂർ, തിരുവനന്തപുരം, കൊല്ലം) രാജ്യത്തെ മികച്ച 100 നഗരസഭകൾക്കുള്ളിൽ ഇടം പിടിക്കുന്നത്. കഴിഞ്ഞ വർഷം ആയിരത്തിനുള്ളിൽ പോലും ഒറ്റ നഗരസഭയും ഉണ്ടായിരുന്നില്ല എന്നിടത്താണ് കേരളം മാലിന്യസംസ്ക്കരണ രംഗത്ത് വൻ മുന്നേറ്റം നടത്തി ചരിത്രം കുറിച്ചത്. ഇത്തവണ 82 നഗരസഭകൾ ആയിരത്തിലിടം പിടിച്ചു എന്നത് സർക്കാരിന്റെ മാലിന്യസംസ്ക്കരണ പ്രവൃത്തികൾക്കുള്ള അംഗീകാരമാണ്. 2023 ലെ ബ്രഹ്മപുരം സംഭവത്തിന് ശേഷം സർക്കാർ മാലിന്യസംസ്ക്കരണ രംഗത്ത് നടത്തിയ ശാസ്ത്രീയവും ഫലപ്രദവുമായ ഇടപെടലുകളുടെയും പ്രതിഫലനമായി മികവ് തീർത്തു.
ചരിത്രത്തിലാദ്യമായാണ് ഇത്രയധികം മുന്നേറ്റത്തിനും പുരസ്ക്കാരങ്ങൾക്കും സംസ്ഥാനം അർഹത നേടുന്നത്. തിരുവനന്തപുരം കോർപ്പറേഷന് വാട്ടർ+, കൊച്ചി കോർപ്പറേഷൻ, കൽപ്പറ്റ, ഗുരുവായൂർ എന്നിവർക്ക് ODF++, ആലപ്പുഴ, ഷൊർണൂർ, പട്ടാമ്പി നഗരസഭകൾക്ക് GFC 3 സ്റ്റാർ, 20 നഗരസഭകൾക്ക് GFC 1 സ്റ്റാർ എന്നീ പദവികളും നേടാനായി. കണ്ണൂരിലെ മട്ടന്നൂർ നഗരസഭയാണ് പ്രത്യേക വിഭാഗത്തിൽ അവാർഡ് നേടി ദേശീയ ശ്രദ്ധയാകർഷിച്ച് കേരളത്തെ മുന്നിലെത്തിച്ചത്. മാലിന്യ സംസ്കരണരംഗത്ത് നടത്തിയ ഫലപ്രദമായ മാറ്റങ്ങളാണ് മട്ടന്നൂർ നഗരസഭയ്ക്ക് പ്രത്യേക അംഗീകാരം ലഭിക്കാൻ ഇടയാക്കിയത്. അജൈവ മാലിന്യശേഖരണം, സംഭരണം, സംസ്ക്കരണം എന്നിവ 100% ത്തിൽ എത്തിക്കാൻ മട്ടന്നൂർ നഗരസഭയ്ക്ക് കഴിഞ്ഞു. ഖരമാലിന്യ ശേഖരണ സംവിധാനങ്ങൾ, ദ്രവമാലിന്യ പരിപാലന സംവിധാനങ്ങൾ, ചിക്കൻ വേസ്റ്റ് റെണ്ടറിംഗ് പ്ലാന്റ്, സാനിട്ടറി മാലിന്യ സംസ്കരണം, ബയോ മെഡിക്കൽ മാലിന്യ സംസ്കരണ സംവിധാനങ്ങൾ, വേസ്റ്റ് ടു ആർട്ട്, വണ്ടർ പാർക്കുകൾ, ബോധവൽക്കരണം, RRR സെന്ററുകൾ, ഗ്രീൻ പ്രൊട്ടോക്കോൾ പാലിച്ചുള്ള പരിപാടികൾ, ജല സ്ത്രോതസ്സുകളുടെ പരിപാലനം എന്നീ പ്രവർത്തനങ്ങളും മട്ടന്നൂരിനെ മികവിന്റെ കേന്ദ്രമാക്കി. പിപിപി മാതൃകയിൽ പ്രവർത്തിക്കുന്ന 40 ടിപിഡി ചിക്കൻ റെൻഡറിംഗ് പ്ലാന്റിന്റെ സംസ്കരണ രീതികളും മട്ടന്നുരിന്റെ ശ്രദ്ധേയമായ നേട്ടത്തിന് വഴിതെളിയിച്ചു.
ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ കേന്ദ്ര പാർപ്പിട-നഗരകാര്യ മന്ത്രി മനോഹർലാൽ ഖട്ടറിൽ നിന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത്, അഡീഷണൽ ചീഫ് സെക്രട്ടറി (LSGD) പുനീത് കുമാർ ഐഎഎസ്, തദ്ദേശ സ്വയം ഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി അനുപമ ഐഎഎസ്, ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു.വി ജോസ് ഐ എ എസ് ,മുഹമ്മദ് ഹുവൈസ് (ജോയിന്റ് ഡയറക്ടർ, LSGD) എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. സംസ്ഥാന ചരിത്രത്തിലാദ്യമായി 23 നഗരസഭകൾക്ക് ഗാർബേജ് ഫ്രീ സിറ്റി നക്ഷത്ര പദവി നേടാൻ കഴിഞ്ഞത് മാലിന്യനിർമാർജ്ജന മേഖലയ്ക്ക് മാറ്റ് കൂട്ടി. 3 നഗരസഭകൾക്ക് 3 സ്റ്റാറും, 20 നഗരസഭകൾക്ക് 1 സ്റ്റാർ റേറ്റിങ്ങും നേടി. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാന സർക്കാർ 2023 മുതൽ മാലിന്യനിർമാർജ്ജന രംഗത്ത് സമഗ്രമായ ഇടപെടലുകൾ നടത്തിവരികയായിരുന്നു. സ്വച്ഛ് സർവേക്ഷൻ ദേശീയ ശുചിത്വ സർവേയുടെ ഘടകങ്ങൾക്കനുസൃതമായി നഗരസഭാതലത്തിൽ നടപ്പാക്കേണ്ട പ്രവർത്തനങ്ങൾ സമന്വയിപ്പിക്കുകയും നിലവിലുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകുന്നതിലും ശുചിത്വ മിഷൻ നിർണായക പങ്ക് വഹിച്ചു.