തിരുവനന്തപുരം> ഇഡിക്കായി വാദിക്കാൻ കേരളത്തിലെ കോൺഗ്രസിനുമാത്രമേ കഴിയൂവെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഇഡിയുടെ റിമാണ്ട് റിപ്പോർട്ടാണ് ഇപ്പോൾ ഇവിടുത്തെ കോൺഗ്രസിന്റെ വേദവാക്യം. ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷണങ്ങൾക്കുപകരം ഇഡിയുടെ കുറ്റാന്വേഷണ പരീക്ഷണങ്ങളെയാണ് ഇക്കൂട്ടർ പ്രമാണവാക്യമാക്കുന്നത്.
കോൺഗ്രസ് പ്ലീനറി സമ്മേളനം തകർക്കാൻ ബിജപി സർക്കാർ ഇഡിയെ ഉപയോഗിച്ചുവെന്ന് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെതന്നെ പ്രസ്‌താവന നടത്തി. ഇതിനായി കോൺഗ്രസ് നേതാക്കളെപോലും അറസ്‌റ്റു ചെയ്‌തുവെന്നാണ് ഖാർഗെയുടെ ആക്ഷേപം. ഇതേ ഇഡിയുടെ റിമാണ്ട് റിപ്പോർട്ട് വേദവാക്യമായി കാണുകയാണ് കേരളത്തിലെ കോൺഗ്രസ്. ഇതിന് അസാമാന്യധൈര്യവും ചങ്കൂറ്റവും വേണമെന്നും മന്ത്രി പരിഹസിച്ചു. നിയമസഭയിൽ ലൈഫ് മിഷനിൽ അഴിമതി ആരോപിച്ച പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
ഇഡി മാധ്യമങ്ങൾക്ക് ചോർത്തികൊടുത്ത തലക്കെട്ടുകളിലൂടെയും വാർത്തകളിലൂടെയും റിമാണ്ട് റിപ്പോർട്ടുകളിലൂടെയും ഖുറാനിൽ സ്വർണം കടത്തി, ഈന്തപ്പഴത്താൽ സ്വർണം കടത്തി തുടങ്ങീ ബിരിയാണി ചെമ്പിന്റെ കഥവരെ കേരളം കേട്ടതാണ്. ആ ഇഡിക്കൊപ്പം തങ്ങൾ ഏതറ്റംവരെയുംപോകും എന്നു പറയുന്നതിലൂടെ കേരളത്തിലെ കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്തം വ്യക്തമാകുകയാണ്. റായ്‌പൂർ പ്ലീനറി സമ്മേളനത്തിന്റെ രാഷ്‌ട്രീയ പ്രമേയം കേരളത്തിലെ കോൺഗ്രസുകാർ വായിക്കണം. ഇഡി, എൻഐഎ, സിബിഐ, ആദായ നികുതി അന്വേഷണ വിഭാഗം തുടങ്ങിയ കേന്ദ്ര ഏജൻസികളെ രാഷ്‌ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ ഏറ്റവുംതരംതാണ നിലയിൽ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്നാണ് പ്രമേയം പറയുന്നത്. ഈ അന്വേഷണ ഏജൻസികളുമായി സഖ്യമുണ്ടാക്കാനാണ് കേരളത്തിലെ കോൺഗ്രസ് ശ്രമിക്കുന്നത്. സ്വന്തം പാർടിയുടെ രാഷ്‌ട്രീയ പ്രമേയത്തിലെങ്കിലും ഉറച്ചുനിൽക്കാൻ ഇവിടുത്തെ കോൺഗ്രസിനാകണം.
മോദി അധികാരത്തിലേറിയ 2014 മുതൽ ഇഡി നടത്തിയ റെയ്‌ഡുകളിൽ 95 ശതമാനവും പ്രതിപക്ഷ പാർടി നേതാക്കളെ ലക്ഷ്യമിട്ടാണ്. കള്ളപ്പണം തടയൽ നിയമപ്രകാരം എടുത്ത 5422 കേസിൽ ശിക്ഷിക്കപ്പെട്ടത് 23ൽമാത്രം. അതായത് അര ശതമാനംമാത്രം. ഈ അന്വേഷണ ഏജൻസിയെ പല്ലക്കിൽ ചുമക്കുകയാണ് കേരളത്തിലെ കോൺഗ്രസുകാർ. ഇക്കാലയളവിൽ 127 രാഷ്‌ട്രീയ നേതാക്കളെ ചോദ്യം ചെയ്‌തു. ഇതിൽ കോൺഗ്രസിന്റെ 24 പേരുണ്ട്. രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും പി ചിദംബരുമൊക്കെ ഉൾപ്പെടുന്നു.
രാജ്യത്തിന്റെ മുൻ അഭ്യന്തരമന്ത്രികൂടിയായ ചിദംബരത്തിന്റെ വീടിന്റെ മതിൽ ചാടിക്കടന്ന് പിടികൂടി നൂറുദിവസം ജയിലിലിട്ടു. ഇന്ന് കേരളത്തിലെ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടല്ല അന്ന് സിപിഐ എമ്മും, ഇടതുപക്ഷവും സ്വീകരിച്ചത്. ഇഡിക്ക് കയ്യടിച്ചുകൊടുക്കാൻ നിന്നില്ല. രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്‌തപ്പോൾ ഇഡിക്കെതിരെ ഡൽഹിയിൽ സമരം ചെയതവർതന്നെ, കേരളത്തിൽവന്ന് ഇഡിക്കായി വാദിക്കുന്ന അസാമാന്യ വൈഭവത്തെ നമിക്കുകമാത്രമേ മാർഗമുള്ളൂവെന്നും എം ബി രാജേഷ് പറഞ്ഞു.