കണ്ണൂർ: രാജ്യത്ത് ശക്തിയാർജിക്കുന്ന വിജ്ഞാന വിരോധത്തെ ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളുടെ കരുത്തുകൊണ്ട് ചെറുക്കണമെന്ന് മന്ത്രി എം ബി രാജേഷ്. ആധുനിക സാങ്കേതികവിദ്യയുടെ പുതുലോകം വിവരങ്ങളുടേതുമാത്രമല്ല; തെറ്റായ വിവരങ്ങളുടേതുംകൂടിയാണ്. ശാസ്‌ത്ര വിരുദ്ധതയും യുക്തിരാഹിത്യവും അന്ധവിശ്വാസങ്ങളും വ്യാപകമായി പ്രചരിപ്പിക്കുന്ന കാലത്ത് സത്യത്തെ തിരിച്ചറിയാൻ വായനയെ ചേർത്തുനിർത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ കാലത്ത് ഗ്രാമീണ വായനശാലകൾ നൽകുന്നത് വിവരമല്ല. അറിവും തിരിച്ചറിവുമാണ്. അറിവുകളുടെ ജനകീയവൽക്കരണവും വ്യാപനവുമാണ് ഗ്രാമീണ വായനശാലകൾ ഏറ്റെടുക്കുന്ന ഉത്തരവാദിത്വം. മനുഷ്യനിൽ വിമർശന ബുദ്ധിവളർത്തുകയാണ് വായനശാലകളുടെ ധർമം.
ഉന്നതവിദ്യാഭ്യാസം നേടാൻ കഴിയാത്തവർപോലും ലോകത്തെയറിഞ്ഞത് പൊതുജനവായനശാലകളിലെ പുസ്‌തകങ്ങളിലൂടെയാണ്. മതനിരപേക്ഷമായ പൊതുമണ്ഡലത്തിന്റെ അടരായാണ് വായനശാലകൾ പ്രവർത്തിക്കുന്നത്. രാജ്യത്തുണ്ടാവുന്ന പ്രതിലോമകരമായ മാറ്റങ്ങളും ശിഥിലീകരണചിന്തകളും അതേ അളവിൽ കേരളത്തിൽ പ്രതിഫലിക്കാത്തതിന്റെ കാരണമതാണ്– മന്ത്രി പറഞ്ഞു.