തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ മെഡിക്കൽ കോളേജുകളിലെ 450 എംബിബിഎസ് സീറ്റുകളുടെയും 11 മെഡിക്കൽ പിജി സീറ്റുകളുടെയും അംഗീകാരം നഷ്ടപ്പെട്ടതിൽ ആരോഗ്യ സർവകലാശാല ഇടപെടും. ദേശീയ മെഡിക്കൽ കമ്മീഷനുമായി ഉടൻ തന്നെ ചർച്ച നടത്തുമെന്ന് ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ മോഹനൻ കുന്നുമ്മൽ വ്യക്തമാക്കി. സീറ്റ് നഷ്ടപ്പെടാനിടയായ അപാകതകൾ പരിഹരിക്കാമെന്ന് മൂന്ന് മെഡിക്കൽ കോളേജുകളും ആരോഗ്യ സർവകലാശാലയെ അറിയിച്ച സാഹചര്യത്തിലാണിത്. മൂന്ന് സ്വകാര്യ മെഡിക്കൽ കോളേജുകളിലെയടക്കം 450 എംബിബിഎസ് സീറ്റുകളുടെ അംഗീകാരവും രണ്ട് സർക്കാർ മെഡിക്കൽ കോളേജുകളിലെ 11 മെഡിക്കൽ പിജി സീറ്റുകളുടെ അംഗീകാരവുമാണ് നഷ്ടപ്പെട്ടത്.
മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നാഷണൽ മെഡിക്കൽ കൗൺസിൽ മെഡിക്കൽ കോളേജുകൾക്കെതിരെ നടപടിയെടുത്തത്. തൃശൂർ ജൂബിലി മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, തിരുവനന്തപുരം കാരക്കോണം സോമർവെൽ മെമ്മോറിയൽ സിഎസ്ഐ മെഡിക്കൽ കോളേജ്, ശ്രീ ഗോകുലം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നത് വരെ കോഴ്സ് തുടരാനാവില്ല.
തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിന്റെ 100 ഉം, കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളേജ്, ശ്രീഗോകുലം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ 150 വീതം സീറ്റുകളുമാണ് നഷ്ടമാവുക. തിരുവനന്തപുരം എസ്.യു.ടി മെഡിക്കൽ സയൻസ് അക്കാദമിയുടെ 100 സീറ്റുകൾ 50 ആക്കി കുറച്ചു. അധ്യാപകരുടെയും റെസിഡന്റ് ഡോക്ടർമാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും കുറവ്, നാഷണൽ മെഡിക്കൽ കമ്മിഷൻ നിർദേശിച്ച കാര്യങ്ങൾ നടപ്പാക്കാത്തത് തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തത്. പ്രശ്നം പരിഹരിക്കാനുള്ള അവസരം ദേശീയ മെഡിക്കൽ കമ്മീഷൻ നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിഷയം ചർച്ച ചെയ്യാൻ കേരള ആരോഗ്യ സർവ്വകലാശാല വിസി യോഗം വിളിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ മെഡിക്കൽ കമ്മീഷനുമായി ചർച്ചയ്ക്ക് ഒരുങ്ങുന്നത്.