കൊച്ചി > കേരള മീഡിയ അക്കാദമിയുടെ 2022-ലെ മാധ്യമ അവാർഡുകൾ അക്കാദമി ചെയർമാൻ ആർ എസ് ബാബു പ്രഖ്യാപിച്ചു. 25000 രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്‌കാരം.മികച്ച മുഖപ്രസംഗത്തിനുള്ള വി കരുണാകരൻ നമ്പ്യാർ അവാർഡ് മാധ്യമം ദിനപത്രത്തിലെ കെ സുൽഹഫിനാണ്. പ്രബുദ്ധമലയാളം എന്ന പാഴ്‌വാക്ക് എന്ന ശീർഷകത്തിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗമാണ് അവാർഡിന് പരിഗണിക്കപ്പെട്ടത്. നരബലിയുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട മുഖപ്രസംഗമാണിത്. ഡോ. സെബാസ്റ്റ്യൻ പോൾ, ബി സന്ധ്യ, കെ സി നാരായണൻ എന്നിവരടങ്ങുന്ന കമ്മറ്റിയാണ് വിധിനിർണ്ണയം നടത്തിയത്.
മികച്ച ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എൻ എൻ സത്യവ്രതൻ അവാർഡിന് ദീപിക ദിനപത്രത്തിന്റെ സ്റ്റാഫ് റിപ്പോർട്ടറായ റിച്ചാർഡ് ജോസഫ് അർഹനായി. 2022 ജനുവരി 16ന് സൺഡേ ദീപികയിൽ പ്രസിദ്ധീകരിച്ച പ്രശാന്തവിസ്മയം എന്ന സ്റ്റോറിയാണ് പരിഗണിക്കപ്പെട്ടത്. സെറിബ്രൽ പാൾസിക്കു പുറമേ കാഴ്ചയും കേൾവിയും സംസാരവും പരിമിതമായ പ്രശാന്ത് ചന്ദ്രൻ യുവാവിന്റെ ജീവിതനേട്ടങ്ങൾ വിവരിക്കുന്നതാണ് സ്റ്റോറി. ജി ശങ്കർ, റോസ് മേരി, കെ എ ബീന എന്നിവരായിരുന്നു വിധിനിർണ്ണയ സമിതിയംഗങ്ങൾ.
മികച്ച അന്വേഷണാത്മക റിപ്പോർട്ടിനുള്ള ചൊവ്വര പരമേശ്വരൻ അവാർഡ് മലയാള മനോരമ ദിനപത്രത്തിന്റെ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് കെ ജയപ്രകാശ് ബാബുവിനാണ്. 2022 ജൂലൈയിലും ഓഗസ്റ്റിലുമായി കേരളത്തിലേക്കുള്ള സ്വർണക്കടത്തിനെപ്പറ്റി ദുബായ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പൊടിപൊടിച്ച് പൊന്നുകടത്ത് എന്ന പരമ്പരയാണ് ജയപ്രകാശിനെ അവാർഡിനർഹനാക്കിയത്. ഡോ. നടുവട്ടം സത്യശീലൻ, ജോർജ് പുളിക്കൻ, പി വി മുരുകൻ എന്നിവരാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
മികച്ച പ്രാദേശിക പത്രപ്രവർത്തനത്തിനുള്ള ഡോ. മൂർക്കന്നൂർ നാരായണൻ അവാർഡിന് മാതൃഭൂമി ദിനപ്പത്രത്തിലെ നെടുമങ്ങാട് പ്രാദേശിക ലേഖകൻ തെന്നൂർ ബി അശോക് അർഹനായി. 2022 ജനുവരി 30 മുതൽ ഫെബ്രുവരി മൂന്നു വരെ മാതൃഭൂമി തിരുവനന്തപുരം എഡിഷനിൽ പ്രസിദ്ധീകരിച്ച മരണം മണക്കുന്ന ഊരുകൾ എന്ന പരമ്പരയാണ് അവാർഡിന് അർഹനാക്കിയത്. വി ഇ ബാലകൃഷ്ണൻ, കായംകുളം യൂനസ്, കെ ആർ മല്ലിക എന്നിവരായിരുന്നു വിധിനിർണ്ണയ സമിതിയംഗങ്ങൾ.
മലയാള മനോരമ മലപ്പുറം എഡിഷനിലെ ഫോട്ടോഗ്രഫർ ഫഹദ് മുനീർ 2022-ലെ മികച്ച വാർത്താചിത്രത്തിനുള്ള പുരസ്‌കാരത്തിന് അർഹനായി. മാതൃഭാഷാദിനത്തിൽ മലപ്പുറം വേങ്ങര ജിഎംവി എച്ച്എസ്എസ് ഒന്നാംക്ലാസ് വിദ്യാർത്ഥിയും ജാർഖണ്ഡ് സ്വദേശിയുമായ വലിയൂർ റഹമാനും സഹപാഠിയായ തമിഴ്‌നാട് സ്വദേശി പുകളും മലയാളം അക്ഷരമാല പഠിക്കുന്ന ബഹുത് അച്ചാ മലയാളം എന്ന ചിത്രത്തിനാണ് അവാർഡ്. ടി കെ രാജീവ് കുമാർ, വിധു വിൻസന്റ്, എസ് ഗോപൻ എന്നിവരായിരുന്നു വിധിനിർണ്ണയ സമിതിയംഗങ്ങൾ.
ദൃശ്യ മാധ്യമ പ്രവർത്തനത്തിനുള്ള അവാർഡ് എഷ്യാനെറ്റ് ന്യൂസിലെ വിനീത വി പിക്കാണ്. സ്ത്രീകൾ നടത്തിയ യാത്രകളുടെ പ്രചോദനാത്മകമായ കഥ പറയുന്ന അവൾ ഒരുത്തി എന്ന ന്യൂസ് സ്റ്റോറിയാണ് വിനീതയെ അവാർഡിനർഹയാക്കിയത്. മുൻ ഡിജിപി ഡോ. ജേക്കബ് പുന്നൂസ്, എസ് ഡി പ്രിൻസ്, ഷൈനി ബെഞ്ചമിൻ എന്നിവരടങ്ങിയ കമ്മറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.