തിരുവനന്തപുരം> വർഷം രണ്ടുകോടി പുതിയ തൊഴിൽ സൃഷ്ടിക്കും എന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ ബിജെപി സർക്കാർ എട്ട് വർഷംകൊണ്ട് (2014- 2022) സ്ഥിരജോലി നൽകിയത് വെറും 7.22 ലക്ഷം പേർക്കെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. എന്നാൽ രാജ്യത്തെ ആകെ ജനസംഖ്യയുടെ രണ്ടര ശതമാനം മാത്രമുള്ള കേരളത്തിൽ പ്രതിവർഷം മുപ്പതിനായിരത്തോളം പേർക്കാണ് പിഎസ്‍സി വഴി ജോലി നൽകുന്നത്. എന്നിട്ടും കേരളത്തിൽ യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നില്ല എന്ന് പ്രധാനമന്ത്രി കൊച്ചിയിൽ പ്രസംഗിച്ചത് ഏത് വസ്തുതയുടെ അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ലെന്നും മന്ത്രി കെഎൻ ബാലഗോപാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
കേന്ദ്രം പുതുതായി ഒരു തസ്തികയും സൃഷ്ടിച്ചിട്ടില്ല.കേന്ദ്ര സർവീസിലും പൊതുമേഖല സ്ഥാപനങ്ങളിലുമായി 10 ലക്ഷത്തോളം ഒഴിവുണ്ട്. റെയിൽവേയിൽ മാത്രം മൂന്നുലക്ഷം ഒഴിവ്. പട്ടാളത്തിൽ പോലും സ്ഥിരം തൊഴിലുകൾ ഇല്ലാതാക്കി കരാർ നിയമനംകൊണ്ടുവന്നു. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് പാർലമെന്റിൽ പറഞ്ഞതാണ് ഈ കണക്കുകൾ. സർക്കാർ മേഖലയ്ക്ക് പുറത്തും ഏറ്റവും അധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. കേന്ദ്ര സർക്കാർ തന്നെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് സൗഹൃദ സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തു. കഴിഞ്ഞ രണ്ടുവർഷംകൊണ്ട് ഒരു ലക്ഷത്തിലധികം പുതിയ സംരംഭങ്ങളാണ് സംസ്ഥാനത്ത് ആരംഭിച്ചത്.
രാജ്യത്ത് ഏറ്റവും ഉയർന്ന തുക അധ്വാനിക്കുന്ന മനുഷ്യർക്ക് കൂലിയായി ലഭിക്കുന്ന നാടാണിത്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ലഭിക്കുന്ന കൂലിയുടെ ഇരട്ടിയോ മൂന്നിരട്ടിയോ ആണ് സംസ്ഥാനത്തെ തൊഴിലാളിയുടെ വേതനം. ഇപ്രകാരം സന്തുലിതവും സുസ്ഥിരവുമായ വികസനത്തിന്റെയും ക്ഷേമ പ്രവർത്തനങ്ങളുടെയും നിരവധിയായ മാതൃകകൾ കൊണ്ട് കെട്ടിപ്പടുത്തതാണ് ഈ സംസ്ഥാനമെന്നും മന്ത്രി കുറിച്ചു.