കൊച്ചി> ഏക സിവിൽ കോഡിനെതിരെ ഒരുമിച്ചുള്ള പ്രതിരോധമാണ് വേണ്ടതെന്ന് മന്ത്രി പി രാജീവ്. ഏക സിവിൽ കോഡിനെതിരെ രാജ്യവ്യാപകമായി പ്രതിരോധം തീർക്കേണ്ടതുണ്ട്. അതിന് നേതൃത്വം നൽകാനാണ് സിപിഐ എം ശ്രമിക്കുന്നത്. പ്രതിരോധത്തിനായി സിപിഐ എം ക്ഷണിച്ചതിനെതിരെ മുസ്ലീം ലീഗ് ഇപ്പോൾ പറയുന്നത് അവരുടെ അവസാനവാക്കാണെന്ന് വിശ്വസിക്കുന്നില്ല. ലീഗ് നിലപാട് പുനഃപരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പി രാജീവ് പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കോൺഗ്രസിന്റെ നിലപാടിലും വ്യക്തതയില്ല. പത്രങ്ങളിൽ നിന്ന് മനസിലാകുന്നത് കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ ഏകസിവിൽ കോഡിനെതിരെ നിൽക്കുന്നു എന്നാണ്. അപ്പോഴും രാജ്യത്തെ ജനങ്ങളെ ആകെ ബാധിക്കുന്ന കാര്യത്തിൽ ഒരുമിച്ചുള്ള നിലപാടല്ല അത്. എല്ലാകാലത്തും മൃദു ഹിന്ദുത്വ സമീപനമാണ് കോൺഗ്രസ് കാണിച്ചിരിക്കുന്നത്. ഈ വിഷയത്തിലും അങ്ങനെ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. നിപാടുളള മറ്റ് സംഘടനകളോട് സിപിഎ എം സംസാരിച്ചിട്ടുണ്ടെന്നും പി രാജീവ് പറഞ്ഞു.