ചിറയിൻകീഴ് > മുതലപ്പൊഴിയിൽ മണ്ണ് നീക്കാൻ സ്ഥിരമായ സാൻഡ് ബൈപാസിങ് സംവിധാനം ഒരുക്കുന്നതിന് പദ്ധതിയൊരുങ്ങി. ഇതിന്റെ രൂപരേഖ തയ്യാറാക്കാനായി വിദഗ്ധസംഘം മുതലപ്പൊഴി സന്ദർശിച്ചു. പുണെ സെൻട്രൽ വാട്ടർ പവർ റിസർച്ച് സ്റ്റേഷനിലെ ശാസ്ത്രജ്ഞരായ പി എം അബ്ദുൽ റഹ്മാനും എ ജ്യോതി പ്രകാശുമാണ് വ്യാഴാഴ്‌ച മുതലപ്പൊഴിയിലെത്തിയത്.തുറമുഖ പരിശോധനയ്ക്കുശേഷം ഹാർബർ എൻജിനിയറിങ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ സംഘം ഡാറ്റയും ശേഖരിച്ചു.പൊഴിയുടെ തെക്കുഭാഗത്ത് അടിഞ്ഞുകൂടുന്ന മണ്ണ് വടക്കുഭാഗത്തേക്ക് യന്ത്ര സാമഗ്രികളുടെ സഹായത്തോടെ നീക്കുന്നതിനാണ് സ്ഥിരമായ സാൻഡ് ബൈപാസിങ് സംവിധാനം സ്ഥാപിക്കുക. ഇതിന് ഹാർബർ എൻജിനിയറിങ് വകുപ്പ് 11 കോടി രൂപയുടെ എസ്റ്റിമേറ്റ് നൽകിയിരുന്നു. ഇതിന്റെ രൂപരേഖ ഒരുക്കാനാണ് സംഘം സ്ഥലം സന്ദർശിച്ചത്. രൂപരേഖ ലഭിച്ചാലുടൻ ഹാർബർ എൻജിനിയറിങ് വിഭാഗം സർക്കാരിന് സമർപ്പിക്കും. ഭരണാനുമതി ലഭിക്കുന്ന മുറയ്‌ക്ക് ടെൻഡർ നടപടികൾ ആരംഭിക്കും.അടിയന്തര നടപടിയെന്ന നിലയിൽ ഹാർബറിന്റെ തെക്കേ പുലിമുട്ടിന്റെ ഭാഗത്തടിയുന്ന മണ്ണ് ലോറിയിൽ നിറച്ച് വടക്കേ പുലിമുട്ടിന്റെ ഭാഗത്തേക്ക് നീക്കുന്ന പ്രവൃത്തിക്ക് ഒരു കോടി രൂപ അനുവദിച്ച് ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.
പൊഴിയിൽ മണലടിയുന്നതും തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്നതും നിർമാണത്തിലെ അപാകതയാണെന്ന ആക്ഷേപം പഠിച്ച് പരിഹാരം നിർദേശിക്കാൻ പുണെയിലെ സിഡബ്ല്യുപിആർഎസിനെ സർക്കാർ ചുമതലപ്പെടുത്തിയ പ്രകാരം മഴക്കാലശേഷമുള്ള വിവരശേഖരണത്തിനായി ഡോ. ജെ സിൻഹ, ഡോ. എസ് ജി മഞ്ചുനാഥ്, ഡോ. എ കെ സിങ് എന്നീ വിദഗ്‌ധ സംഘം കഴിഞ്ഞ ശനിയാഴ്ച മുതലപ്പൊഴി സന്ദർശിച്ചിരുന്നു. റിപ്പോർട്ട് ഡിസംബറിൽ സർക്കാരിന് സമർപ്പിക്കും.പൊഴിമുഖത്ത് ഇളകിക്കിടക്കുന്ന പാറയും മണ്ണും നീക്കുന്നത് അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ഹാർബർ വകുപ്പ് ചീഫ് എൻജിനിയർ ജോമോൻ കെ ജോർജ്, സൂപ്രണ്ടിങ് എൻജിനിയർമാരായ കുഞ്ഞിമമ്മു പരാവത്, എം അൻസാരി, എക്സിക്യൂട്ടിവ് എൻജിനിയർ ജി എസ് അനിൽകുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർമാരായ ബീഗം അമിന, ബി എസ് മായ എന്നിവരും സംഘത്തോടൊപ്പം ഉണ്ടായി.