ന്യൂഡൽഹി> മകരവിളക്ക് കാലത്ത് റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന മോട്ടോർ വാഹന വകുപ്പ് (എംവിഡി) നടപ്പാക്കിയ പദ്ധതി രാജ്യത്തെ തന്നെ ഏറ്റവും മികച്ചതെന്ന് കേന്ദ്രറിപ്പോർട്ട്. ലോകബാങ്കും സേവ് ലൈഫ് ഫൗണ്ടേഷൻ എന്ന എൻജിഒയും സംയുക്തമായി പുറത്തിറക്കിയ റിപ്പോർട്ടിലാണ് കേരളത്തെ രാജ്യത്തിന് മുഴുവൻ മാതൃകയാക്കാമെന്ന് പറയുന്നത്. രാജ്യത്തുടനീളം റോഡ് സുരക്ഷയെപ്പറ്റി പഠിക്കാനായി ഉപയോഗപ്പെടുത്താവുന്ന റിപ്പോർട്ട് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയാണ് പുറത്തിറക്കിയത്. റിപ്പോർട്ട് പ്രകാരം എംവിഡി നടപ്പാക്കിയ പദ്ധതി മുഖേന ശബരിമല പാതയിലുള്ള റോഡ് അപകടങ്ങൾ ഗണ്യമായി കുറയുകയും മരണനിരക്ക് പൂജ്യം ആവുകയും ചെയ്തു. അപകട മരണങ്ങൾ ഏറെ നടക്കുന്ന ഉത്തരാഖണ്ഡ് ചാർ ധാം യാത്ര പോലുള്ളയിടങ്ങളിലും ശബരിമല പദ്ധതി നടപ്പിലാക്കാമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
കൃത്യമായ ആസൂത്രണങ്ങളോടെയാണ് എംവിഡി പദ്ധതി നടപ്പാക്കിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. 45 ഉദ്യോഗസ്ഥർ വീതമുള്ള 15 പട്രോളിങ് ടീമുകളെ പാതയിൽ വിന്യസിച്ചതാണ് അവയിൽ പ്രധാനം. വാഹനങ്ങളിൽ ജിപിഎസ്, വയർലെസ്, അഗ്നിശമന ഉപകരണങ്ങൾ, മറ്റു സുരക്ഷാ ഉപകരണങ്ങൾ എന്നിവയും ഘടിപ്പിച്ചു. ഒപ്പം 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സേവനങ്ങളും ലഭ്യമാക്കി. ഇവയൊക്കെ പാർക്കിങ് ഉൾപ്പെടെയുള്ളവ സുഗമമാക്കുകയും അപകടങ്ങൾ കുറയ്ക്കുകയും ചെയ്തു.
2009-2010 കാലയളവിലെ തീർഥാടന സീസണിൽ അപകടങ്ങളിൽ 16 പേർ മരിക്കുകയും 77 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മലയോരമേഖലയിലെ ഇടുങ്ങിയ റോഡുകളിലൂടെ മാത്രമേ ക്ഷേത്രത്തിലേക്ക് പോകാൻ പറ്റൂ എന്നതിനാൽ, റോഡപകടങ്ങൾ മൂലമോ വാഹനങ്ങൾ തകരാറിലാകുമ്പോഴോ പലപ്പോഴും ഗതാഗതക്കുരുക്ക് ഉണ്ടാകാറുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്ക് മറ്റ് വാഹനങ്ങൾക്ക് ഇതു വഴി പെട്ടെന്ന് എത്താൻ സാധിക്കാതെ വരികയും ചെയ്യുന്നു.
എംവിഡിയുടെ കണക്കനുസരിച്ച് 2017-2018 കാലയളവിൽ ഏകദേശം നാല് കോടി തീർത്ഥാടകരാണ് 80 ലക്ഷം വാഹനങ്ങളിലായി യാത്ര ചെയ്തത്. തുടർന്ന് ശബരിമലയിലേക്കുള്ള 382 കിലോമീറ്റർ റോഡിനെ സേഫ് സോൺ പ്രോജക്ടായി കണ്ടാണ് എംവിഡി പദ്ധതി നടപ്പാക്കിയത്. ഇതിന്റെ ഫലമായി 2020 – 2021 കാലയളവിൽ മരണനിരക്കിൽ 100 ശതമാനം കുറവുണ്ടായി. പരിക്കേൽക്കുന്നവരുടെ എണ്ണം 77ൽ നിന്ന് 7 ആയും കുറഞ്ഞു.
എംവിഡി പദ്ധതി പ്രകാരം അടിയന്തര വൈദ്യസഹായം ലഭ്യമാക്കാൻ ആംബുലൻസ് സേവനവും ഉറപ്പാക്കിയിരുന്നു. 300 പേർ അടങ്ങുന്ന 90 മെക്കാനിക്കൽ ടീമുകളെയും തയാറാക്കി. മൂന്ന് മൊബൈൽ റിപ്പയർ യൂണിറ്റുകളും അഞ്ച് ക്രെയിനുകളും 50 റിക്കവറി വാനുകളും ലഭ്യമാക്കി. ഇതുവഴി വാഹനങ്ങൾ ബ്രേക്ക്ഡൗണായാൽ പെട്ടെന്ന് തന്നെ സഹായം ലഭ്യമാക്കാൻ കഴിഞ്ഞു. കുടുങ്ങിക്കിടക്കുന്ന വാഹനങ്ങൾക്ക് ഇന്ധനം എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളും നടത്തി.
പ്രധാന ചെക്ക് പോസ്റ്റുകളിലും ടോൾ ബൂത്തുകളിലും ആറ് ഭാഷകളിൽ ബോധവത്കരണ ലഘുലേഖകളും വിതരണം ചെയ്തു. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ മുമ്പ് നടപ്പിലാക്കിയതോ നിലവിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതോ ആയ 13 മികച്ച പദ്ധതികളിൽ ശബരിമല പദ്ധതിയും ഉൾപ്പെടുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പൊലീസ്, ഗതാഗത, ആരോഗ്യ വകുപ്പുകൾ ഉൾപ്പെടെയുള്ളവരുമായി ബന്ധപ്പെട്ടാണ് റിപ്പോർട്ട് തയാറാക്കിയത്.