മുള്ളേരിയ > കർണാടക അതിർത്തിയായ പഞ്ചിക്കല്ലിൽ ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ അമ്മയ്‌ക്കെതിരെ കേസ്. ഞായറാഴ്ച പകൽ പതിനൊന്നിനാണ് ദേലംപാടി പഞ്ചിക്കൽ ശ്രീവിഷ്ണുമൂർത്തി എയുപി സ്‌കൂൾ വരാന്തയിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടത്. രാവിലെ 10.45 വരെ സ്‌കൂൾ വരാന്തയിൽ കുടുംബശ്രീ യോഗമുണ്ടായിരുന്നു. ഇതിനുശേഷമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതായി കരുതുന്നത്. പരിസരവാസിയായ രവിപ്രസാദാണ് നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചത്. കുട്ടിയെ കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ ഉപേക്ഷിച്ച സ്ത്രീയെ കണ്ടെത്തി. വീട്ടിൽനിന്ന് പ്രസവിച്ച സ്ത്രീ അമിത രക്തസ്രാവത്തെ തുടർന്ന് അവശ നിലയിലായിരുന്നു. പ്രസവിച്ചത് താനല്ലെന്നും വീട്ടിൽ നിന്ന് വരാൻ കഴിയില്ലെന്നും സ്ത്രീ പറഞ്ഞെങ്കിലും പൊലീസ് അഡൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ഇവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കാസർകോട് ജനറൽ ആശുപത്രിയിലേക്കും മാറ്റി. ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിലാണ്. കുട്ടി ചൈൽഡ് ലൈൻ അതോറിറ്റിയുടെ നിരീക്ഷണത്തിലാണ്.