കൊച്ചി: യുപിഐ ഇടപാട് നടത്തിയ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനുപിന്നിൽ സൈബർ കേസുകളിലെ നടപടികളെന്ന് പൊലീസ്. ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്‌ത കേസുകളുടെ ഭാഗമായാണ് കേരളത്തിൽ പലരുടെയും അക്കൗണ്ടുകൾ മരവിപ്പിച്ചതെന്ന് കൊച്ചി സിറ്റി സൈബർ പൊലീസ് അറിയിച്ചു. ഗുജറാത്തിലെ കേസുകളുടെ ഭാഗമായാണ് എറണാകുളത്തെയും ആലപ്പുഴയിലെയും ചില വ്യാപാരികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത്.
സൈബർ തട്ടിപ്പുകാർ ലഭിക്കുന്ന പണം മറ്റേതെങ്കിലും അക്കൗണ്ടുകളിലേക്ക് മാറ്റുകയോ ഡിജിറ്റൽ ഇടപാട് നടത്തുകയോ ചെയ്യും. തട്ടിപ്പുകാരന്റെ അക്കൗണ്ടിൽ പണം കണ്ടെത്താനായില്ലെങ്കിൽ മരവിപ്പിക്കൽ നടപടി ആരംഭിക്കും. സമീപ സമയങ്ങളിൽ പണമിടപാട് നടത്തിയ മറ്റ് അക്കൗണ്ടുകളും മരവിപ്പിക്കും. ഉദാഹരണത്തിന് ഒരുലക്ഷം രൂപ തട്ടിപ്പ് നടത്തിയ ഒരാൾ ഏതെങ്കിലും ഹോട്ടലിൽ കയറി 250 രൂപ യുപിഐ വഴി നൽകുന്നു. തട്ടിപ്പുകാരനെതിരെ പരാതി രജിസ്റ്റർ ചെയ്യപ്പെട്ടാൽ ഹോട്ടൽ ഉടമയുടെ അക്കൗണ്ടും മരിവിപ്പിച്ചേക്കാം.
പരാതികളെത്തിയത് കേന്ദ്ര വെബ്‌സൈറ്റിൽ
നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ്ങിലാണ് പരാതികൾ കൂടുതലും എത്തിയത്. cybercrime.gov.in എന്ന പോർട്ടലിലും 1930 എന്ന ടോൾഫ്രീ നമ്പറിലുമായി സൈബർ കുറ്റകൃത്യം റിപ്പോർട്ട് ചെയ്യാം. പരാതികൾ തട്ടിപ്പിനിരയായ ആളുടെ സമീപത്തെ പൊലീസ് സ്‌റ്റേഷനിലേക്ക് കൈമാറും. പൊലീസ് നിർദേശനമനുസരിച്ചാണ് ബാങ്കുകൾ അക്കൗണ്ട് മരവിപ്പിക്കുക. ജോലിവാഗ്ദാനം, ലിങ്ക് ക്ലിക്ക് ചെയ്താൽ പണം, വായ്പ, വ്യാജ പ്രൊഫൈലുകൾ, ക്രെഡിറ്റ് കാർഡ്, വ്യാജ ലോട്ടറി–- സ്‌ക്രാച്ച് കാർഡുകൾ തുടങ്ങിയ നിരവധി തട്ടിപ്പുകളെക്കുറിച്ചുള്ള പരാതികളാണ് വെബ്‌സൈറ്റിൽ എത്തുന്നത്.
പൊലീസ് നൽകുന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് മരവിപ്പിക്കൽ നടപടിയെന്നാണ് ബാങ്കുകളുടെ വിശദീകരണം. യുപിഐക്ക് പുറമെ നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (നെഫ്റ്റ്), ആർടിജിഎസ്, ചെക്ക് തുടങ്ങിയവ ഉപയോഗിച്ച് ഇടപാടുകൾ നടത്തിയ അക്കൗണ്ടുകളും മരവിപ്പിക്കാൻ നിർദേശം ലഭിക്കാറുണ്ട്. പരാതി പരിഹാരത്തിന് ഇടപാടുകാർക്ക് നിർദേശം നൽകാറുണ്ടെന്നും ബാങ്കുകൾ വ്യക്തമാക്കി.
സൈബർ കുറ്റകൃത്യങ്ങൾ തടയാനെന്നപേരിൽ കേന്ദ്രസർക്കാർ നടപ്പാക്കുന്ന നിയമനടപടികളുടെ സാങ്കേതിക പ്രശ്‌നങ്ങളാണ് ഇത്തരം സംഭവങ്ങൾക്കിടയാക്കുന്നതെന്ന് സൈബർ സുരക്ഷാ ഫൗണ്ടേഷൻ സ്ഥാപകൻ അഡ്വ. ജിയാസ് ജമാൽ പറഞ്ഞു.
വ്യാപാരികൾക്കും ആശങ്ക
യുപിഐ ഇടപാടിലൂടെ പണം കൈപ്പറ്റിയ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച സംഭവങ്ങൾ വ്യാപാരികളിൽ ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസം വർക്കലയിൽ യുപിഐ ഇടപാടിലൂടെ പണം കൈപ്പറ്റിയ പെട്ടിക്കടക്കാരന്റെ ബാങ്ക് അക്കൗണ്ടാണ് മരവിപ്പിച്ചത്. സമാനമായ സംഭവങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്. വർക്കലയിലെ പെട്ടിക്കടയിൽ ഉത്തർപ്രദേശ് സ്വദേശികളായ രണ്ടു പേരാണ് സാധനം വാങ്ങാനെത്തിയത്. 620 രൂപയ്‌ക്ക് സാധനം വാങ്ങിയശേഷം യുപിഐ വഴി പണം അയക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് പണം നൽകി സാധനം കൊണ്ടുപോയി. രണ്ടാഴ്‌ചക്കു ശേഷം യുപി സ്വദേശികൾ പെട്ടിക്കടക്കാരനെ ബന്ധപ്പെട്ട് തങ്ങളുടെ അക്കൗണ്ടിൽനിന്ന് പണംപോയിട്ടുണ്ടെന്നും അത് മടക്കിനൽകണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് ബാങ്കിൽ എത്തിയപ്പോഴാണ് 40 വർഷമായി ഉപയോഗിച്ചിരുന്ന ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതായി മനസിലായത്.