തിരുവനന്തപുരം: ശമ്പളവിതരണം വൈകുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള കേസിൽ കെഎസ്ആർടിസി സിഎംഡി നേരിട്ട് ഹാജരായി വസ്‌തുതകൾ ധരിപ്പിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. തെറ്റിധാരണയുണ്ടാക്കുന്ന കാര്യങ്ങൾ ഹൈക്കോടതിക്ക് ചിലർ നൽകിയിട്ടുണ്ട്. പണം ഉണ്ടായിട്ട് ശമ്പളം നൽകാത്തതല്ല. സിഎംഡി സ്ഥാനത്തുനിന്ന് മാറാൻ ബിജു പ്രഭാകർ കത്തുനൽകിയെന്നതിനെക്കുറിച്ച് അറിയില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം സ്ഥാനത്തുനിന്ന് മാറാൻ താൽപ്പര്യമുണ്ടെന്നും പക്ഷേ ഇക്കാര്യം ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ പരാമർശിച്ചിട്ടില്ലെന്നും ബിജു പ്രഭാകർ വ്യക്തമാക്കി.
വീഡിയോയുമായി സിഎംഡി
കെഎസ്‌ആർടിസിയുമായി ബന്ധപ്പെട്ട വാർത്തകളും വസ്‌തുതകളും ഉൾപ്പെടുത്തി ബിജു പ്രഭാകർ വീഡിയോ പരമ്പര ആരംഭിച്ചു. കെഎസ്‌ആർടിസിയുടെ ഔദ്യോഗിക ഫെയ്‌സ്‌ബുക് പേജിൽ ശനി വൈകിട്ട് ആറിന് ആദ്യഭാഗം അപ്‌ലോഡ് ചെയ്‌തു. കഴിഞ്ഞ ഡിസംബറിലാണ് കെഎസ്‌ആർടിസിക്ക് റെക്കോഡ് വരുമാനമുണ്ടായതെന്ന് വീഡിയോയിൽ ബിജു പ്രഭാകർ പറഞ്ഞു. 243.35കോടി രൂപ. ജീവനക്കാർക്ക് ഒപ്പംനിന്നാണ് മൂന്നുവർഷം പ്രവർത്തിച്ചത്. വരുമാനം വർധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണ് വിവിധ പരിഷ്‌കാരങ്ങൾ നടപ്പാക്കിയത്. കെഎസ്‌ആർടിസിയെ തകർത്തവൻ എന്ന് പേരുദോഷം കേൾക്കാൻ ഇഷ്ടപ്പെടുന്നില്ല. ഇപ്പോൾ അല്ലെങ്കിൽ ഒരിക്കലും കെഎസ്‌ആർടിസിക്ക് രക്ഷപ്പെടാൻ കഴിയില്ലെന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞു.