കൊച്ചി > ബ്രഹ്മപുരം വിഷയത്തിൽ കോൺഗ്രസ് നടത്തുന്ന അക്രമസമരത്തിനെതിരെ 28ന് ബഹുജന മാർച്ച് നടത്തുമെന്ന് സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പറഞ്ഞു. കൊച്ചി കോർപ്പറേഷന് മുന്നിൽ മാർച്ചും ധർണയും നടത്തും. ബ്രഹ്മപുരത്ത് തീപിടിത്തത്തിന്റെ യഥാർത്ഥ ഉത്തരവാദികൾ മുൻ യുഡിഎഫ് ഭരണസമിതിയും മുൻ മേയർ ടോണി ചമ്മിണിയുമാണ്. ജെെവ മാലിന്യം മാത്രം കൊണ്ടുപോകേണ്ടിയിരുന്ന ബ്രഹ്മപുരത്തേക്ക് പ്ലാസ്റ്റിക് മാലിന്യവും തള്ളി തുടങ്ങിയത് 2010 ൽ ടോണി ചമ്മിണി മേയറായ ശേഷമാണ്. ആരാണ് അതിന് അനുമതി നൽകിയത്. 100 എക്കറിലധികം സ്ഥലമുള്ള ബ്രഹ്മപുരത്ത് തോന്നിയ പോലെയാണ് പ്ലാസ്റ്റിക് മാലിന്യം കുന്നുകൂട്ടിയത്.ടോണി ചമ്മിണി വരുന്നതിന് മുമ്പ് മേയർ മേഴ്സി വില്യാസും ഡെപ്യുട്ടി മേയർ മണിശങ്കറും മികച്ച മാലിന്യ സംസ്കരണത്തിനുള്ള അവാർഡ് വാങ്ങിയതാണ്. അന്ന് എല്ലാ രണ്ടാഴ്ചകളിലും കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ഡെപ്യുട്ടി കലക്ളടറുടെ സാന്നിധ്യത്തിൽ ബ്രഹ്മപുരത്ത് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്താറുള്ളതാണ്. അതെല്ലാം അട്ടിമറിച്ചത് ടോണി ചമ്മിണിയാണെന്നും അതിന് പിന്നിൽ അഴിമതിയുണ്ടെന്നും സി എൻ മോഹനൻ പറഞ്ഞു.