തിരുവനന്തപുരം: പാർടി പറഞ്ഞാൽ മുഖ്യമന്ത്രിയാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. കേരളത്തിലെ പാർടി പൂർണമായും തന്റെ നിയന്ത്രണത്തിലാണെന്നും സുധാകരൻ പറഞ്ഞു. പോക്സോ അടക്കം നിരവധി ക്രിമിനൽ കേസിലെ പ്രതിയായ മോൻസൺ മാവുങ്കൽ ശത്രുവല്ലെന്ന് സുധാകരൻ ആവർത്തിച്ചു. ‘ എനിക്കെതിരെ ഒന്നും ചെയ്തിട്ടില്ല, എന്നെ ഉപദ്രവിച്ചിട്ടില്ല അങ്ങിനെയുള്ള ഒരളെ ശത്രുവാക്കുന്നത് എന്തിനാണ് ?, അവിടെ എന്ത് ബിസിനസാണ് നടക്കുന്നത് എന്ന് അറിയില്ലായിരുന്നു’ –- സുധാകരൻ പറഞ്ഞു.
ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമ്പോൾ ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കേണ്ടി വന്നിട്ടുണ്ടെന്നും സുധാകരൻ സമ്മതിച്ചു. ‘ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് തട്ടിപ്പ് കേസിലല്ലേ, മറ്റ് ചോദ്യങ്ങൾ എന്തിനാണ്. നിങ്ങൾക്ക് പോക്‌സോ കേസിൽ എന്നെ കുടുക്കാനുള്ള വല്ല ഉദ്ദേശ്യവുമുണ്ടോ ? ഉണ്ടെങ്കിൽ കെ സുധാകരൻ പ്രതികരിച്ചിരിക്കും ’ –- എന്ന് കൈചൂണ്ടി പറഞ്ഞതോടെ അത്തരം ചോദ്യങ്ങളുണ്ടായില്ല. പരാതിക്കാരുമായി ഒരു ബന്ധവുമില്ല.
കെപിസിസി അധ്യക്ഷ സ്ഥാനത്ത് ഇരിക്കുന്ന ഒരാൾക്കെതിരെ ഇത്തരം കേസുകൾ വരുന്നത് ശരിയല്ല എന്നറിയാം, നേതാക്കൾ പറഞ്ഞതുകൊണ്ടാണ് രാജിവയ്ക്കാതെ തുടരുന്നതെന്നും സുധാകരൻ പറഞ്ഞു.
ഏക സിവിൽ കോഡിൽ നിലപാട് ; കാത്തിരുന്നത് വിഷയം
ചൂടുപിടിക്കാനെന്ന്
ഏക സിവിൽ കോഡിൽ കേന്ദ്രത്തിനെതിരെ നിലപാട് എടുക്കാൻ കോൺഗ്രസ് വൈകിയിട്ടില്ലെന്നും വിഷയം ‘ചൂടാകാൻ’ കാത്തിരിക്കുകയായിരുന്നെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. നിയമം ഇനിയും നടപ്പായിട്ടില്ലെന്നും ജനങ്ങളെ ബോധവൽക്കരിക്കാനുള്ള ശ്രമങ്ങൾക്ക് കോൺഗ്രസ് തുടക്കമിടുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇടതുപക്ഷം ഉൾപ്പെടെയുള്ളവരോട് യോജിച്ച പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള മുസ്ലിംലീഗിന്റെ തീരുമാനം അവരുടെ കാര്യമാണ്. കോൺഗ്രസിന്റെ പോരാട്ടങ്ങളിൽ സിപിഐ എമ്മിനെ പങ്കെടുപ്പിക്കില്ല. കോൺഗ്രസ് നിലപാട് യുഡിഎഫിലെ എല്ലാ കക്ഷികളോടും ചർച്ച ചെയ്യും. സിവിൽ കോഡിനെ അനുകൂലിച്ച ശശി തരൂരിന്റെ നിലപാടിനെക്കുറിച്ച് അറിയില്ല. വെള്ളാപ്പള്ളി നടേശൻ പറഞ്ഞ അഭിപ്രായം മുഖവിലയ്‌ക്കെടുക്കുന്നില്ല. വിഷയത്തിൽ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ജനസദസ്സ് സംഘടിപ്പിക്കുമെന്നും സുധാകരൻ പറഞ്ഞു.