തിരുവനന്തപുരം> നിപാ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഐസൊലേഷനിലുള്ളവരെ സഹായിക്കാനായി വോളന്റിയർ സേവനം ലഭ്യമാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2 എപ്പിക് സെന്ററുകളാണുള്ളത്. ഇവിടെ പോലീസിന്റെ കൂടി ശ്രദ്ധയുണ്ടാകും. എപ്പിക് സെന്ററിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള വാർഡുകളിൽ പ്രാദേശികമായ സന്നദ്ധ പ്രവർത്തകരുടെ സേവനം ഉണ്ടാകും. പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഇവർ പ്രവർത്തിക്കുക.
കണ്ടൈൻമെന്റ് സോണുകളിൽ വാർഡ് തിരിച്ച് പ്രാദേശികമായാണ് സന്നദ്ധപ്രവർത്തകരുടെ ടീമിനെ സജ്ജീകരിക്കുക. അവരെ ബന്ധപ്പെടാൻ ഫോൺ നമ്പർ ഉണ്ടാവും. വളണ്ടിയർമാർക്ക് ബാഡ്ജ് നൽകും. പഞ്ചായത്ത് നിശ്ചയിക്കുന്നവരാകും വളണ്ടിയർമാർ ആകുന്നത്. ഇക്കാര്യത്തിൽ പോലീസ് പ്രത്യേകം ശ്രദ്ധിക്കും. ഐസൊലേഷനിൽ കഴിയുന്നവർക്ക് മരുന്ന്, ഭക്ഷണം എന്നിവ ഉറപ്പാക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
രോഗനിർണയത്തിനായി കോഴിക്കോട്ടും, തോന്നയ്ക്കലുമുള്ള വൈറോളജി ലാബുകളിൽ തുടർന്നും പരിശോധന നടത്തും. 706 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. അതിൽ 77 പേർ ഹൈ റിസ്‌ക് സമ്പർക്ക പട്ടികയിലുള്ളതാണ്. 153 പേർ ആരോഗ്യ പ്രവർത്തകരാണ്. രോഗബാധിതരുടെ റൂട്ട്മാപ്പ് പ്രസിദ്ധീകരിച്ചതിനാൽ സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം വർധിച്ചേക്കും. ആവശ്യമുള്ളവർക്കായി ഐസൊലേഷൻ സൗകര്യവും തദ്ദേശ സ്ഥാപന തലത്തിൽ ഒരുക്കും. ആശുപത്രികളിലും മതിയായ സൗകര്യമൊരുക്കും. കോഴിക്കോട് മെഡിക്കൽ കോളേജിൽ 75 മുറികൾ സജ്ജീകരിച്ചിട്ടുണ്ട്. അടുത്ത പത്ത് ദിവസം കോഴിക്കോട് ജില്ലയിൽ ആൾക്കൂട്ടം ഒഴിവാക്കാൻ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
30ന് മരിച്ച ആദ്യ രോഗിയുടെ സമ്പർക്കപ്പട്ടികയിലുള്ള 13 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലെ തന്നെ ഐസൊലേഷൻ വാർഡിലാണുള്ളത്. ആരോഗ്യവകുപ്പ് മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിൽ 19 കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. ഇവരുടെ പ്രവർത്തനം ബുധനാഴ്ച ചേർന്ന യോഗത്തിൽ വിലയിരുത്തിയിട്ടുണ്ട്. രോഗബാധിതനായ 9 വയസുകാരന്റെ ചികിത്സയ്ക്കായി മോണോക്ലോണൽ ആന്റിബോഡി ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ച സാഹചര്യത്തിൽ ഐസിഎംആറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഇന്ന് രാത്രിയോടെ എത്തിച്ചേരുമെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന മന്ത്രിതല യോഗത്തിൽ മന്ത്രിമാരായ വീണാ ജോർജ്, എം.ബി. രാജേഷ്, പി.എ. മുഹമ്മദ് റിയാസ്, കെ. രാജൻ, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർ കോവിൽ, ചീഫ് സെക്രട്ടറി ഡോ. വി വേണു, കോഴിക്കാട് ജില്ലാ കലക്ടർ, റവന്യൂ, പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെത്തു.