കോഴിക്കോട് > നിപായിൽ പുതിയ പോസിറ്റീവ് കേസുകളൊന്നുമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതുവരെ 218 സാമ്പിളുകളാണ് പരിശോധിച്ചതെന്നും 1270 പേർ സമ്പർക്കപ്പട്ടികയിലുണ്ടെന്നും മന്ത്രി പറഞ്ഞു. അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. ഇന്ന് 37 കോൺടാക്ടുകൾ കൂടി കണ്ടെത്തിയെന്നും ഇവ ലോ റിസ്ക് കാറ്റഗറിയിലുള്ളവയാണെന്നും മന്ത്രി പറഞ്ഞു. പൊലീസിന്റെ സഹായത്തോടെ ആദ്യവ്യക്തിയുടെ റൂട്ട് മാപ് തയാറാക്കിയെന്നും മന്ത്രി പറഞ്ഞു.
മൃഗസംരക്ഷണം, തുറമുഖം, വനംവകുപ്പ് മന്ത്രിമാർ ഇന്ന് യോഗത്തിൽ പങ്കെടുത്തിരുന്നു. വെറ്റിനറി സർവകലാശാല വിദഗ്ധർ കേന്ദ്രസംഘത്തോടൊപ്പം സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. വിവിധ സ്ഥലങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ നിരന്തരമായ കമ്മ്യൂണിറ്റി സർവൈലൻസ് നടത്തുന്നതിന് തീരുമാനിച്ചു. ചികിത്സയിലുള്ളവരുടെ നിലയിൽ പ്രശ്നമില്ല. 13ാം തിയതി കണ്ടെയിൻമെന്റ് സോൺ ആയി പ്രഖ്യാപിച്ച ഇടങ്ങളിൽ ഇളവ് നൽകുന്ന കാര്യം ആലോചിച്ചിട്ടുണ്ടെന്നും വിദഗ്ധ സമിതിയുമായി ആലോചിച്ച ശേഷം ഇക്കാര്യത്തിൽ കലക്ടർ ഉത്തരവ് പുറപ്പെടുവിക്കുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പിന്റെ വിവിധ ടീമുകൾ 47605 വീടുകൾ സന്ദർശിച്ചതായും മന്ത്രി അറിയിച്ചു.