തിരുവനന്തപുരം > പതിനഞ്ചാം കേരള നിയമസഭയുടെ പത്താംസമ്മേളനം പൂർത്തിയാക്കി സഭ അനിശ്‌ചിതകാലത്തേക്ക് പിരിഞ്ഞു. 2023-24 ലെ ബജറ്റിലേക്കുള്ള അന്തിമ ഉപധനാഭ്യർഥനകളും വോട്ട് ഓൺ അക്കൗണ്ടും സംബന്ധിച്ച ചർച്ചയും വോട്ടെടുപ്പും പൂർത്തിയാക്കി ധനവിനിയോഗ ബില്ലുകൾ സഭ പാസാക്കി. 11 ദിവസമാണ് സഭ സമ്മേളിച്ചത്. മൂന്നു ബില്ലുകൾ പാസാക്കി. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസ് സഭ നിർത്തിവച്ച് ചർച്ചചെയ്‌തു. നക്ഷത്രചിഹ്നമിട്ട 270 ചോദ്യങ്ങൾക്കും നക്ഷത്രചിഹ്നമിടാത്ത 3243 ചോദ്യങ്ങൾക്കും സമ്മേളനകാലത്ത് ഉത്തരം ലഭ്യമാക്കി. രണ്ടും പ്രമേയങ്ങളും സഭ ഐകകണ്ഠേന പാസ്സാക്കിയതായും സ്‌പീക്കർ അറിയിച്ചു.
റെക്കോഡുമായി 15-ാം നിയമസഭ
ഏറ്റവും കൂടുതൽ അടിയന്തര പ്രമേയ നോട്ടീസുകൾ ചർച്ചചെയ്‌ത റെക്കോഡ് പതിനഞ്ചാം നിയമസഭയ്‌ക്ക്. ഏഴു നോട്ടീസുകളാണ് സഭ നിർത്തിവച്ച് ചർച്ചചെയ്‌തത്. ഒന്നാം കേരള നിയമസഭ മുതൽ ഇതുവരെ 37 അടിയന്തര പ്രമേയ നോട്ടീസുകളാണ് ചർച്ച ചെയ്‌തത്. അതിൽ മൂന്നിലൊന്നും 14, 15 നിയമസഭകളിലാണ്.