നാദാപുരം: ഇല്ലാത്ത കഥകൾ പറഞ്ഞ് തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. ഉള്ളതുതന്നെ ധാരാളം പറയാനുണ്ട്. ആരെയും ആക്ഷേപിക്കുന്ന രാഷ്ട്രീയത്തിന്‍റെ വക്താവല്ല താനെന്നും ഷാഫി വ്യക്തമാക്കി.
എൽ.ഡി.എഫ് സ്ഥാനാർഥിയെ കുറിച്ച് ബഹുമാനത്തോടെ അല്ലാതെ ഒരു വാക്ക് പറയുന്നത് കേട്ടിട്ടുണ്ടോ. നമ്മൾ അത് ചെയ്തിട്ടില്ല, ചെയ്യിപ്പിക്കില്ല, അത് ചെയ്യുന്നതിനോട് യോജിപ്പുമില്ല. അക്കാര്യത്തിൽ യാതൊരു സംശയവും വേണ്ടെന്നും ഷാഫി ചൂണ്ടിക്കാട്ടി. മനഃപൂർവമായി പ്രകോപനം സൃഷ്ടിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ ഉണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പലിനെതിരായ ആരോപണം തള്ളി എം.എൽ.എമാരായ കെ.കെ. രമയും ഉമ തോമസും രംഗത്തെത്തി. ഷാഫി പറമ്പലിന്‍റെ നേതൃത്വത്തിലാണ് വ്യക്തി അധിക്ഷേപങ്ങൾ നടക്കുന്നതെന്ന എൽ.ഡി.എഫ് സ്ഥാനാർഥിയുടെയും നേതാക്കളുടെയും ആരോപണം ശുദ്ധ അസംബദ്ധമാണെന്ന് എം.എൽ.എമാരായ ഇരുവരും പ്രതികരിച്ചു.
വ്യക്തി അധിക്ഷേപങ്ങളെ ന്യായീകരിക്കില്ലെന്നും അത്തരക്കാരുടെ കൂടെ നിൽക്കില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. അത്തരത്തിൽ ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ തള്ളിപ്പറയുമെന്നും ഷാഫി പറഞ്ഞിട്ടുണ്ട്. ഷാഫിയുടെ അറിവോടെയാണെന്ന എൽ.ഡി.എഫിന്‍റെ നുണ പ്രചരണം അവസാനിപ്പിക്കണം. യു.ഡി.എഫ് സ്ഥാനാർഥി ഇത്തരം പ്രവർത്തനം നടത്തുന്നുവെന്ന ആരോപണം തെളിയിക്കാൻ എൽ.ഡി.എഫിനെ വെല്ലുവിളിക്കുകയാണ്. യഥാർഥ വിഷയങ്ങളിൽ നിന്ന് വഴിതിരിച്ചുവിടാനുള്ള നീക്കമാണ് നടക്കുന്നത്.
വ്യക്തി അധിക്ഷേപ വിഷയത്തിൽ കക്ഷി രാഷ്ട്രീയമില്ലാതെ കെ.കെ. ഷൈലജക്കൊപ്പമാണ് താനടക്കമുള്ളവർ നിലകൊള്ളുന്നത്. ശ്രീമതി ടീച്ചർ അടക്കമുള്ളവർ രംഗത്തുവന്നതിൽ താനടക്കമുള്ളവർക്ക് സന്തോഷമുണ്ട്. ഈ വിഷയത്തിൽ സ്ത്രീകൾ ഒന്നിച്ച് നിൽക്കേണ്ടതാണെന്നും എന്നാൽ, അത്തരമൊരു നീക്കം സി.പി.എമ്മിന്‍റെ ഭാഗത്ത് നിന്ന് കാണാൻ സാധിച്ചിട്ടില്ലെന്നും കെ.കെ. രമ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
വ്യക്തി അധിക്ഷേപങ്ങളിൽ നടപടി സ്വീകരിക്കുന്ന കാര്യത്തിൽ പൊലീസ് വകുപ്പ് നിഷ്ക്രിയമാണെന്ന് ഉമ തോമസും കുറ്റപ്പെടുത്തി. കെ.കെ. ഷൈലജയുടെ പരാമർശം ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെയാണ്. സ്വന്തം പാർട്ടിയിലെ സ്ത്രീകൾക്ക് പോലും തൊണ്ടയിടറി പറയേണ്ടി വന്നു. പി. ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ സ്ത്രീകളെ അധിക്ഷേപിച്ചു. പി. ജയരാജന്‍റെ അധിക്ഷേപത്തിനെതിരെ എൽ.ഡി.എഫ് സ്ഥാനാർഥി പ്രതികരിക്കാൻ തയാറായില്ല. വ്യക്തി അധിക്ഷേപ പരാതിയിൽ നടപടി സ്വീകരിക്കാൻ പൊലീസ് തയാറാകുന്നില്ല. അതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്നും ഉമ തോമസ് ചൂണ്ടിക്കാട്ടി.