തിരുവനന്തപുരം : പൗരന്മാർക്ക് സഹായങ്ങൾ ലഭ്യമാക്കാൻ കഴിയുന്ന വിധത്തിലാണ് നിയമങ്ങളും ചട്ടങ്ങളും വ്യാഖ്യാനിക്കേണ്ടതെന്ന് മന്ത്രി പി രാജീവ്. കരുതലും കൈത്താങ്ങും കൊച്ചി താലൂക്കുതല അദാലത്ത് മട്ടാഞ്ചേരി ടിഡി ഹൈസ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കൊളോണിയൽ സംവിധാനത്തിൽ നിന്ന് ജനാധിപത്യസംവിധാനത്തിലേക്ക് മാറിയെങ്കിലും സംശയത്തിന്റെ കണ്ണടയോടു കൂടിയാണ് ഉദ്യോഗസ്ഥർ പൊതുജനങ്ങളെ കാണുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങൾ എങ്ങനെ പരിഹരിക്കാം എന്ന സമീപനമാണ് ഉദ്യോഗസ്ഥർ സ്വീകരിക്കേണ്ടത്. ഓരോ വളപ്പിലും ലഭിക്കുന്ന പരാതികളിൽ അദാലത്തിലെടുക്കുന്ന തീരുമാനങ്ങൾ സംബന്ധിച്ച തുടർ പരിശോധന ഓരോ ജില്ലാതല ഉദ്യോഗസ്ഥരും ആഴ്‌ചയിലൊരിക്കൽ നടത്തണം. അദാലത്ത് തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
ചുവപ്പുനാടയിൽ കുടുങ്ങി പരാതികൾ തീർപ്പാകാതെ കിടക്കരുതെന്ന സർക്കാരിന്റെ ശാഠ്യമാണ് അദാലത്ത് നടത്തിപ്പിനു പിന്നിലെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി പി പ്രസാദ് പറഞ്ഞു. കാലതാമസത്തിന്റെയും കടമ്പകളുടെയും രീതി തുടരാൻ സർക്കാരിന് കഴിയില്ല. ഓരോ ഫയലും ഒരു ജീവിതമാണെന്ന വസ്‌തുത കണക്കിലെടുത്ത് ഉദ്യോഗസ്ഥർ പ്രവർത്തിക്കണം. പൊതുസമൂഹത്തിന്റെ മികച്ച പിന്തുണയാണ് അദാലത്തിന് ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 18 പേർക്ക് മുൻഗണനാ വിഭാഗത്തിലുള്ള റേഷൻ കാർഡുകൾ വേദിയിൽ വിതരണം ചെയ്‌തു. അദാലത്തിൽ തീർപ്പായ രേഖകളും വേദിയിൽ വിതരണം ചെയ്‌തു.
എംഎൽഎമാരായ കെ ജെ മാക്‌സി, കെ എൻ. ഉണ്ണികൃഷ്‌ണൻ, കൗൺസിലർ കെ എ മനാഫ്, ജില്ലാ കലക്‌ടർ എൻ എസ് കെ ഉമേഷ്,
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ് ഷാജഹാൻ, സബ് കലക്‌ടർ പി വിഷ്‌ണു രാജ്, ഡെപ്യൂട്ടി കലക്‌ടർമാരായ ഉഷ ബിന്ദു മോൾ, ബി അനിൽകുമാർ, എസ് ബിന്ദു, ഹുസൂർ ശിരസ്‌തദാർ കെ അനിൽകുമാർ മേനോൻ, കൊച്ചി താലൂക്ക് തഹസിൽദാർ സുനിത ജേക്കബ്ബ് തുടങ്ങിയവർ പങ്കെടുത്തു.