തിരുവനന്തപുരം> 18,390ൽനിന്ന് മാസശമ്പളം 24,520ലേക്ക് ഉയരുമ്പോൾ മാറുന്നത് സംസ്ഥാനത്തെ 120–0ഓളം വരുന്ന പാലിയേറ്റീവ് നഴ്‌സുമാരുടെ ജീവിതം. ഒരു ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിന് നൽകാവുന്ന വേതനമായാണ് നിലവിൽ വർധന. ഒക്ടോബർ ഒന്നുമുതൽ തീരുമാനത്തിന് പ്രാബല്യമുണ്ട്. പാലിയേറ്റീവ് നഴ്സുമാരുടെ കുറഞ്ഞ യോഗ്യതയായ ജെപിഎച്ച്എൻ/ എഎൻഎം പാസായവർക്കാകും ഈ വേതനം ലഭിക്കുക. ഇനിമുതൽ നഴ്സുമാരുടെ ഫീൽഡ് സർവീസ് 20 ദിവസമെങ്കിലും രോഗികൾക്ക് ലഭ്യമാക്കുകയും ചെയ്യും. തദ്ദേശവകുപ്പ് കോഓർഡിനേഷൻ കമ്മിറ്റിയിലാണ് സുപ്രധാന തീരുമാനം. കേരളാ പാലിയേറ്റീവ് നഴ്സസ് ഫെഡറേഷൻ (സിഐടിയു) നൽകിയ നിവേദനം പരിഗണിച്ചായിരുന്നു നടപടി.
പ്രതികരണങ്ങൾ
“ഈ ശമ്പളവർധന തൊഴിലാളികളോടുള്ള ഇടതുപക്ഷ സർക്കാരിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണ്. ഏറ്റവും പ്രയാസമേറിയ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവരാണ് ഞങ്ങൾ. ആ ഞങ്ങളെ കൈവിടാത്ത സർക്കാരിനെ അഭിവാദ്യം ചെയ്യുന്നു. അവശത അനുഭവിക്കുന്ന ജനവിഭാഗത്തിന്റെ ആശ്രയമാണ് പാലിയേറ്റീവ് നഴ്‌സുമാർ. ആവശ്യങ്ങൾ കേരള പാലിയേറ്റീവ് നഴ്സസ് ഫെഡറേഷൻ സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അത് സാധ്യമാക്കുകയാണ് സർക്കാർ ചെയ്തത്’–- ഒ സി ബിന്ദു, പാലിയേറ്റീവ് നഴ്‌സ്, കേരള പാലിയേറ്റീവ് നഴ്സസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി
“2008 മുതൽ സജീവമായി തുടങ്ങിയ സാന്ത്വന പരിചരണ വിഭാഗത്തിൽ ജോലി ചെയ്യുന്ന പാലിയേറ്റീവ് നഴ്സുമാർക്ക് അന്ന് കിട്ടിയിരുന്ന വേതനം വെറും 3000 രൂപയായിരുന്നു. നിസ്വാർഥസേവനം ചെയ്തുവരുന്ന നഴ്സുമാരുടെ വേതനം വർധിപ്പിച്ച എൽഡിഎഫ് സർക്കാരിന്റെ നടപടി ഏറെ ആശ്വാസകരമാണ്. സാമ്പത്തിക പ്രതിസന്ധിയിലും എന്നും നമ്മുടെ കൂടെത്തന്നെയുണ്ട് എന്നത് ഒരിക്കൽക്കൂടി തെളിയിക്കുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തത്’–-വിജി വിനോദ്, പാലിയേറ്റീവ് നഴ്‌സ്, ചപ്പാരപ്പടവ്
“പാലീയേറ്റീവ് മേഖലയിൽ ഏറ്റവും കൂടുതൽ ജനസമ്മതരായി പ്രവർത്തിക്കുന്നവരാണ് ഓരോ പഞ്ചായത്തിലെയും കമ്യൂണിറ്റി നഴ്സുമാർ. ഈ അവസരത്തിൽ ശമ്പള വർധനവ് അനുവദിച്ചതിൽ അതീവ സന്തോഷമുണ്ട്. എൽഡിഎഫ് സർക്കാരിന് അഭിവാദ്യങ്ങൾ’–-പി സജിന, പടിയൂർ കല്യാട് പഞ്ചായത്ത് നഴ്സ്