ദുബായ് : വെള്ളിയാഴ്‌ച ദുബായിയിൽ ആരംഭിക്കുന്ന എക്സ്പോ 2020-ലെ കേരള പവലിയൻ അബുദാബി രാജകുടുംബാംഗവും യുഎഇ ക്യാബിനറ്റ് മന്ത്രിയുമായ ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ദുബായ് എക്സ്പോയുടെ കമ്മീഷണർ ജനറൽ കൂടിയാണ് ശൈഖ് നഹ്യാൻ.
മന്ത്രിയുടെ അബുദാബിയിലെ വസതിയിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജനുമായി നടന്ന കൂടിക്കാഴ്‌ചയിൽ ആണ് അദേഹത്തെ മുഖ്യാതിഥിയാകാൻ ക്ഷണിച്ചത്. ക്ഷണം അദ്ദേഹം സ്നേഹപൂർവം സ്വീകരിച്ചു. അദ്ദേഹത്തിൻ്റെ മകനും യുഎഇ വിദേശകാര്യ സഹമന്ത്രിയുമായ ശൈഖ് ഷഖ്‌ബൂത്ത് ബിൻ നഹ്യാൻ അൽ നഹ്യാനും സന്നിഹിതനായിരുന്നു.
യുഎഇ യുടെ വികസനത്തിൽ മലയാളികൾ വഹിച്ച പങ്കിനെ ശൈഖ് നഹ്യാൻ പ്രകീർത്തിച്ചു. ഉയർന്ന വിദ്യാഭ്യാസവും ഉന്നത ബൗദ്ധിക നിലവാരവുമുള്ള മലയാളികൾ യുഎഇക്ക് എന്നും മുതൽക്കൂട്ടാണെന്നും പരസ്‌പര സഹകരണത്തിൽ ഊന്നിയുള്ള പ്രവർത്തനങ്ങൾ മികച്ച ഭാവി പ്രദാനം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇടതുപക്ഷ സർക്കാരിന്റെ തുടർഭരണം കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ ഗുണകരമാകുമെന്ന് ശൈഖ് നഹ്യാൻ എടുത്തു പറഞ്ഞു.കേരളത്തിലെ നിക്ഷേപ സാഹചര്യങ്ങളെ കുറിച്ച് മുഖ്യമന്ത്രി ശൈഖ് നഹ്യാനോട് വിശദീകരിച്ചു. ഇന്ത്യക്കാരോട് വിശേഷിച്ച് മലയാളികളോട് യു.എ.ഇ. ഭരണകൂടം കാണിക്കുന്ന സ്നേഹത്തിനും സാഹോദര്യത്തിനും അദ്ദേഹത്തോട് നന്ദി പ്രകടിപ്പിക്കുകയും കേരളത്തിന്റെ ഉപഹാരം സമ്മാനിക്കുകയും ചെയ്‌തു.