തിരുവനന്തപുരം> പതിമൂന്നുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിയായ പാൽ വിൽപ്പനക്കാരന് അഞ്ച് വർഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചു. മാറനല്ലൂർ മേലറിയോട് തെക്കേക്കോണം പുത്തൻ വീട്ടിൽ വൃന്ദനെ (47, ബിനു) യാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക സ്‌പെഷ്യൽ കോടതി ആർ രേഖ ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി ശിക്ഷ അനുഭവിക്കണം. തുക കുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു.
2021 ജൂൺ 23നാണ് സംഭവം. പ്രതി കുട്ടിയുടെ വീട്ടിൽ പാൽ വിൽപനയ്‌ക്ക് വരുന്നയാളാണ്. സംഭവദിവസം പാൽ പാത്രവുമായി എത്തിയ കുട്ടിയെ പ്രതി ഇരുകൈകളും പിന്നിലോട്ട് പിടിച്ച്‌വച്ച് ചേർത്ത് നിർത്തി സ്വകാര്യ ഭാഗത്ത് പിടിക്കുകയായിരുന്നു. കുട്ടിയുടെ അമ്മ വീട്ടിനകത്ത് നിന്ന് വിളിച്ചപ്പോൾ പ്രതി വണ്ടിയിൽ കയറി രക്ഷപ്പെട്ടു. അടുത്ത ദിവസം പ്രതി പീഡനം ആവർത്തിക്കാൻ ശ്രമിച്ചപ്പോൾ കുട്ടി ഓടി രക്ഷപ്പെട്ടു. പ്രതിയെ ഭയന്ന കുട്ടി സംഭവം പുറത്ത് പറഞ്ഞില്ല. പ്രതി വീണ്ടും പാലുമായി വരുന്നത് കുട്ടിക്ക് മാനസിക ബുദ്ധിമുട്ടുകളുണ്ടാക്കി. സംസാരം കുറയുകയും പഠനത്തിൽ പിന്നാക്കമായതും ശ്രദ്ധിച്ച അധ്യാപിക അമ്മയെ വിളിച്ച് കാര്യമന്വേഷിച്ചു. മാറനല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് നഴ്‌സ് നടത്തിയ കൗൺസലിങ്ങിലാണ് കുട്ടി പീഡന വിവരം പറഞ്ഞത്. തുടർന്ന് മാറനല്ലൂർ പൊലീസ് കേസെടുത്തു.
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ, ആർ വൈ അഖിലേഷ് ഹാജരായി. പ്രോസിക്യൂഷൻ 19 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖയും നാല് തൊണ്ടിമുതലും ഹാജരാക്കി. മാറനല്ലൂർ സിഐമാരായ ജെ ആർ രഞ്ജിത്ത് കുമാർ, തൻസീം അബ്ദുൾ സമദ് എന്നിവരാണ് കേസന്വേഷിച്ചത്.