മലപ്പുറം> മലപ്പുറം കോൺഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്റർ പ്രചരണം. ഡിസിസി പ്രസിഡന്റ് വി എസ് ജോയിക്കും എ പി അനിൽകുമാർ എംഎൽഎക്കുമെതിരെ സേവ് കോൺഗ്രസ് മലപ്പുറം എന്ന പേരിലാണ് പോസ്റ്ററുകൾ പതിച്ചത്. ‘പാർട്ടിയെ നയിക്കാൻ അറിയില്ലെങ്കിൽ ഇരിക്കുന്ന കസേരയിൽ വാഴവെച്ച് ഇറങ്ങിപോണം ‘- എന്നാണ് പോസ്റ്റർ.
ജില്ലയിലെ എ ഗ്രൂപ്പ് നേതാക്കൾ രഹസ്യ യോഗം ചേർന്നതിന് പിന്നാലെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. മലപ്പുറം ജില്ലയിലെ കോൺഗ്രസ് എ ഗ്രൂപ്പ് നേതാക്കൾ നേരത്തെ രാജി ഭീഷണി മുഴക്കിയിരുന്നു. ധാരണകൾ അവഗണിച്ച് ആര്യാടൻ പക്ഷത്തെ വെട്ടിനിരത്തിയതിൽ പ്രതിഷേധിച്ച് സ്ഥാനങ്ങൾ രാജിവയ്ക്കാനാണ് എ ഗ്രൂപ്പ് തീരുമാനം. 16 നിയോജക മണ്ഡലം കമ്മിറ്റികളിൽനിന്നും പ്രവർത്തകരെ കെപിസിസി ആസ്ഥാനത്ത് എത്തിച്ച് പ്രതിഷേധം അറിയിക്കാനും മഞ്ചേരിയിൽ ചേർന്ന എ ഗ്രൂപ്പ് നേതാക്കളുടെ യോഗം തീരുമാനിച്ചു. കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുകയാണെന്ന് ആര്യാടൻ ഷൗക്കത്ത് യോഗത്തെ അറിയിച്ചു.മഞ്ചേരിയിലെ പ്രമുഖ നേതാവിന്റെ വീട്ടിൽ ഞായറാഴ്ച രാവിലെ ചേർന്ന യോഗത്തിൽ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, വി എ കരീം, വി സുധാകരൻ, വീക്ഷണം മുഹമ്മദ്, റിയാസ് മുക്കോളി എന്നിവരുൾപ്പെടെ മുപ്പതോളം നേതാക്കൾ പങ്കെടുത്തു.