എറണാകുളം > പ്രമുഖ എഴുത്തുകാരൻ പ്രൊഫ സി ആർ ഓമനക്കുട്ടന്റെ വിദ്യാർഥികളും സുഹൃത്തുക്കളും ഒത്തുചേർന്ന് ആദരവും പുസ്തക ചർച്ചയും സംഘടിപ്പിക്കുന്നു. മമ്മൂട്ടി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സലിം കുമാർ, സുനിൽ പി ഇളയിടം, രവി ഡി സി, ജോസി ജോസഫ്, എസ് ഹരീഷ്, ആർ ഉണ്ണി, ജ്യോതിർമയി, നളിനി ടീച്ചർ തുടങ്ങിയവർ പങ്കെടുക്കും. എറണാകുളം താജ് ഗേറ്റ് വേ വാട്ടർ ഫ്രണ്ട് ഹാളിൽ ശനിയാഴ്ച വൈകീട്ട് ആറിനാണ് സുഹൃത് സംഗമം.സി ആർ ഓമനക്കുട്ടന്റെ തിരഞ്ഞെടുത്ത കഥകളുടേയും ശവംതീനികൾ എന്ന രചനയുടേയും പ്രകാശനം ചടങ്ങിൽ നടക്കും. ദീർഘകാലം എറണാകുളം മഹാരാജാസ് കോളേജ് അടക്കമുള്ള കോളേജുകളിൽ അധ്യാപകനായിരുന്നു സി ആർ ഓമനക്കുട്ടൻ.
അനുഭവങ്ങളിലൂടെയും അനുഭൂതികളിലൂടെയും രാഷ്ട്രീയത്തിലൂടെയും വ്യക്തികളിലൂടെയും സ്ഥലങ്ങളിലൂടെയും കേരളത്തിന്റെ സാമൂഹ്യചരിത്രം കൂടിയാണ് സി ആർ ഓമനക്കുട്ടൻ തന്റെ ചെറിയ കഥകളിലൂടെ പറഞ്ഞിട്ടുള്ളത്. സുഹൃത് സംഗമവേദിയിൽ സി ആർ ഓമനക്കുട്ടന്റെ വിദ്യാർത്ഥി കൂടിയായ ചലച്ചിത്രതാരം സലിം കുമാർ എഴുത്തുകാരായ എസ് ഹരീഷിനും ആർ ഉണ്ണിയ്ക്കും തിരഞ്ഞെടുത്ത കഥകൾ നൽകിക്കൊണ്ട് പുസ്തകം പ്രകാശനം ചെയ്യും. അന്വേഷണാത്മക മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ജോസി ജോസഫിന് ‘ശവംതീനി’കളുടെ പുതിയ പതിപ്പ് നൽകി മമ്മൂട്ടി പ്രകാശനം ചെയ്യും. സുനിൽ പി ഇളയിടം മുഖ്യപ്രഭാഷണം നടത്തും. രവി ഡി സി, ആർ ഉണ്ണി, നളിനി ടീച്ചർ, ജ്യോതിർമയി എന്നിവർ സംസാരിക്കും.
അടിയന്തിരാവസ്ഥയുടെ ഇരുണ്ട രാഷ്ട്രീയ ചരിത്രത്തിൽ നിന്ന് സ്വാനുഭവങ്ങൾ കൂട്ടിചേർത്തുകൊണ്ട് ഒരു ജേണലിസ്റ്റ് മാതൃകയിലുള്ള ഒരു ദീർഘരചന നടത്തുകയാണ് ‘ശവംതീനികളി’ലൂടെ സി ആർ ഓമനക്കുട്ടൻ. ശവംതീനികളുടെ സമകാലീനതയെ കുറിച്ച് ജോസി ജോസഫും തിരഞ്ഞെടുത്ത കഥകളുടെ സാമൂഹികതയെ കുറിച്ച് എസ് ഹരീഷും സംസാരിക്കും.