തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മിതമായ/ ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മാലിദ്വീപ് മുതൽ വടക്കൻ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്‍റെ ഫലമായാണ് മഴ സാധ്യത. ഇത് കൂടാതെ ബംഗാൾ ഉൾക്കടലിലും ന്യൂനമർദ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിഭാഗം അറിയിപ്പ്. നാളെയോടെ തെക്കൻ ആൻഡമാൻ കടലിനു മുകളിൽ രൂപപ്പെടുന്ന ചക്രവാതച്ചുഴി നവംബർ ഇരുപത്തിയേഴോടെ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് പടിഞ്ഞാറ് – വടക്ക്പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ ഇരുപത്തിയൊൻപതോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.