തിരുവനന്തപുരം > സംസ്ഥാനത്ത് ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് അറിയിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ 3 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം.
വെള്ളി, ശനി ദിവസങ്ങളിൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലിനു പുറമേ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന കാറ്റിനുള്ള സാധ്യതയാണ് അറിയിച്ചിട്ടുള്ളത്. അതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
കേരള, കര്‍ണാടക, തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് തടസ്സമില്ല. എന്നാൽ ലക്ഷദ്വീപിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.