തിരുവനന്തപുരം : ഉത്തര്‍പ്രദേശ് കേരളം പോലെയാകാതിരിക്കാന്‍ ശ്രദ്ധിച്ച് വോട്ടുചെയ്യണമെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവനയെ പിന്തുണച്ച് ബിജെപി. യോഗി ആദിത്യനാഥിന്റെ പ്രസ്താവനയില്‍ യാതൊരു തെറ്റും കാണാന്‍ കഴിഞ്ഞില്ലെന്നും ബംഗാളിനേയും കശ്മീരിനേയും നശിപ്പിക്കുന്ന ചില ഗ്രൂപ്പുകളുടെ സാന്നിധ്യം ഒഴിവാക്കാനായി ബുദ്ധിപൂര്‍വം വോട്ടുചെയ്യണമെന്നാണ് യോഗി ആദിത്യനാഥ് ഉദ്ദേശിച്ചതെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യസുരക്ഷ മുതലായ മേഖലകളിലെ പുരോഗതിയുടെ അടിസ്ഥാനത്തിലാണ് കേരളം മാതൃകയാണെന്ന് പറയുന്നത്. ഇതില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പങ്കെന്തെന്ന് ചോദിച്ച രാധാകൃഷ്ണന്‍ ഇതെല്ലാം രാജഭരണത്തിന്റേയും രാജാക്കന്മാര്‍ നല്‍കിയ സംഭാവനകളുടേയും കൂടി മേന്മയാണെന്ന് സൂചിപ്പിച്ചു.
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗം മാതൃകയാക്കാനാകുന്നതാണെന്ന് വിവരമുള്ള ആരും പറയില്ലെന്നും ബിജെപി വൈസ് പ്രസിഡന്റ് പറഞ്ഞു. പല കാര്യങ്ങളിലും കേരളം ബീഹാറിനെക്കാള്‍ പിന്നിലാണെന്നാണ് കെ എസ് രാധാകൃഷ്ണന്‍ ആരോപിച്ചത്. വ്യാവസായിക മേഖലയിലേക്ക് കേരളത്തിന്റെ സംഭാവന പൂജ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിശീര്‍ഷ മദ്യഉപയോഗത്തിന്റെ കാര്യത്തില്‍ കേരളം ഒന്നാമതാണെന്നാണ് ബിജെപി ചൂണ്ടിക്കാട്ടുന്നത്. സ്ത്രീധനത്തിന്റെ പേരിലുള്ള ഗാര്‍ഹിക പീഡനങ്ങളുടെ കാര്യത്തിലും കേരളം ഒന്നാമത് തന്നെയാണ്. എടുത്ത പറയത്തക്ക യാതൊരുവിധ കാര്‍ഷിക പ്രവര്‍ത്തനങ്ങളും നടക്കാത്ത സംസ്ഥാനമാണ് കേരളം. ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ നടക്കുന്ന സംസ്ഥാനമാണ് കേരളം. ഇതെല്ലാം പരിഗണിക്കുമ്പോള്‍ കേരളത്തെ ഒരു മാതൃകാ സംസ്ഥാനമായി കാണാനാകുമോയെന്ന് അദ്ദേഹം ചോദിച്ചു.
ഉത്തര്‍പ്രദേശിലെ 58 നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടന്നതിന് മുന്നോടിയായി യോഗി നടത്തിയ പ്രസ്താവനയാണ് വിവാദമായത്. വോട്ടര്‍മാര്‍ക്ക് തെറ്റുപറ്റിയാല്‍ യു.പി കാശ്മീരോ കേരളമോ ബംഗാളോ ആയി മാറുമെന്നും ഭയരഹിതമായ ജീവിതം ഉറപ്പുവരുത്താന്‍ ബി.ജെ.പിക്ക് മാത്രമേ വോട്ട് ചെയ്യാവൂ എന്നുമാണ് യോഗി പറഞ്ഞത്. ഇതിന് പിന്നാലെ കേരളത്തെ അധിക്ഷേപിച്ചതിന്റെ പേരില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെയുള്ളവര്‍ യോഗിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.