തിരുവനന്തപുരം: ജൂൺ പകുതി പിന്നിടുമ്പോൾ സംസ്ഥാനത്ത് ലഭിക്കേണ്ട കാലവർഷം പകുതിയായി കുറഞ്ഞു. തെക്ക് പടിഞ്ഞാറൻ കാറ്റിന്‍റെ വേഗം കുറഞ്ഞതും അറബിക്കടൽ ചൂട് പിടിക്കാത്തതുമാണ് മഴ ശക്തമാകാത്തതിന് പിന്നിൽ. മഴപാത്തി സജീവമായി ന്യൂനമർദ്ദം രൂപപ്പെടുകയാണെങ്കിൽ നാല് ദിവസത്തിനുള്ളിൽ മഴ കൂടുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ പ്രവചനം.
കഴിഞ്ഞ മൂന്ന് വർഷമായി തുടരുന്ന പതിവ് കാലവർഷം ഇത്തവണയും തെറ്റിച്ചില്ല. ജൂൺ ആദ്യം മഴയില്ല. ജൂൺ ഒന്നിന് സ്കൂൾ തുറന്നപ്പോൾ എത്തിയ മഴയെ പിന്നീട് കണ്ടത് ഇടവേളകളിൽ മാത്രം. കാലവർഷത്തിലെ ഇടിവ് 50 ശതമാനത്തിലധികം. അതേസമയം ശ്രീലങ്കയിലും കർണാടകയുടെ വടക്കും ഗോവ,മഹാരാഷ്ട്ര തീരപ്രദേശത്തും കാലവർഷം സജീവമാണ്. മണിക്കൂറിൽ 40 കിലോമീറ്ററിലധികം വേഗത്തിൽ വീശേണ്ട തെക്ക് പടിഞ്ഞാറൻ കാറ്റിന്‍റെ വേഗം 20 കിലോമീറ്ററിൽ താഴെയായി കുറഞ്ഞതാണ് മഴ ദുർബലമായതിന് പിന്നിൽ.
2018ന് ശേഷം സംസ്ഥാനത്ത് ജൂണിൽ മഴ കുറവാണ്. പക്ഷേ ജൂലൈയിലോ ഓഗസ്റ്റിലോ അടുപ്പിച്ചുള്ള ദിവസങ്ങളിൽ പെയ്യുന്ന മഴ കാലവർഷത്തിലെ കുറവ് നികത്തുകയാണ് പതിവ്. അറബിക്കടലിൽ സജീവമാകുന്ന മഴപ്പാത്തിയിലാണ് കാലാവസ്ഥ വിദഗ്ധർ ഇപ്പോൾ പ്രതീക്ഷ വയ്ക്കുന്നത്. ഇതിലേക്ക് ന്യൂനമർദ്ദങ്ങൾ രൂപപ്പെട്ട് എത്തുകയാണെങ്കിൽ ഈ ആഴ്ച അവസാനത്തോടെ സംസ്ഥാനത്ത് പരക്കെ മഴ ലഭിച്ച് തുടങ്ങുമെന്നാണ് വിലയിരുത്തൽ.