തിരുവനന്തപുരം : ഉദ്ഘാടനം ചെയ്ത് നാലു ദിവസം പിന്നിട്ടിട്ടും സംസ്ഥാന സർക്കാറിനറെ കേരള സവാരി ആപ്പ് പ്രവർത്തനം തുടങ്ങിയില്ല. ഉടൻ പരിഹരിക്കും എന്ന് മാത്രമാണ് ഇപ്പോഴും തൊഴിൽ വകുപ്പ് ആവർത്തിക്കുന്നത്. ചിങ്ങം ഒന്നിനായിരുന്നു കേരള സവാരിയുടെ കൊട്ടിഘോഷിച്ചുള്ള ഉദ്ഘാടനം. വൻ തുക മുടക്കി പ്രചാരണവും നൽകി. പക്ഷെ സവാരി ആപ്പ് വഴിയുള്ള സവാരി ഇതുവരെ തുടങ്ങിയില്ല. കാരണം ഓണ്‍ലൈൻ സവാരി ബുക്ക് ചെയ്യാനുള്ള ഓപ്പ് ഇതേവരെ പ്ലേ സ്റ്റോറിലെത്തിയില്ല.
ആദ്യം ദിനം ആപ്പ് പാളിയപ്പോൾ ഇതായിരുന്നു തൊഴിൽമന്ത്രിയുടെ ന്യായീകരണം. പുതിയ സംരഭത്തിൻെറ തുടക്കത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണെങ്കിൽ അത് പരിഹരിക്കാനുള്ള സമയം എപ്പോഴേ കഴിഞ്ഞുവെന്നാണ് ചോദ്യം. മാത്രമല്ല സ്വപ്ന പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പേ പ്ലേ സ്റ്റോറിൽ ആപ്പെത്തി ഒരു ട്രെയലെങ്കിലും നടത്താൻ തൊഴിൽ വകുപ്പോ, മോട്ടോർ വാഹന വകുപ്പോ തയ്യാറായതുമില്ല. ബാങ്കുമായി ബന്ധിപ്പിക്കുന്നതിലെ കാലതാമസമെന്നായിരുന്നു ആദ്യ വിശദീകരണം. ഇപ്പോള്‍ എല്ലാ കഴിഞ്ഞ് പ്ലേ സ്റ്റോറിലേക്ക് നൽകിയെന്ന് പദ്ധതിയുടെ നടത്തിപ്പുകാരായ തൊഴിൽ വകുപ്പ് പറയുന്നു. പരാതിയില്ലാതെ സുഗമമായ യാത്രയെന്ന സർക്കാർ വാഗ്ദാനം തുടക്കിലെ പൊളിഞ്ഞു. ആപ്പിലെ പരാതി പോലും ഇതേ വരെ പരിഹരിച്ചില്ല. കേരള സവാരിയിൽ രജിസ്റ്റർ ചെയ്ത 302 ഓട്ടോക്കും 226 ടാക്സിക്കും ഇതുവരെ ആപ്പ് വഴി ഓട്ടം കിട്ടിയില്ല.