കൊല്ലം: 62ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്‍റ് നേടുന്ന ജില്ലക്കുള്ള സ്വർണക്കപ്പിനായി പോരാട്ടം മുറുകുന്നു. സമാപനദിനമായ ഇന്ന് രാവിലെ മുതൽ മുന്നിട്ടുനിന്ന കോഴിക്കോടിന് പിന്നിലാക്കി കണ്ണൂർ ജില്ല മുന്നേറി. കണ്ണൂരിന് 947 പോയിന്‍റും കോഴിക്കോടിന് 944 പോയിന്‍റുമാണുള്ളത്. 933 പോയിന്‍റുമായി പാലക്കാട് മൂന്നാമതുണ്ട്.
തൃശൂർ 920, മലപ്പുറം 908, കൊല്ലം 905, എറണാകുളം 894, തിരുവനന്തപുരം 865, ആലപ്പുഴ 847, കാസർകോട് 841, കോട്ടയം 832, വയനാട് 813, പത്തനംതിട്ട 769, ഇടുക്കി 725 എന്നിങ്ങനെയാണ് ഉച്ചക്ക് വൈകീട്ട് നാല് മണിവരെയുള്ള മത്സരഫലങ്ങൾ പ്രകാരമുള്ള പോയിന്‍റ് നില.
445 പോയിന്‍റുമായി ഹൈസ്കൂൾ വിഭാഗത്തിലും 502 പോയിന്‍റുമായി ഹയർ സെക്കൻഡറി വിഭാഗത്തിലും കണ്ണൂർ ജില്ലയാണ് മുന്നിൽ.
കൊല്ലം നഗരത്തിലെ 24 വേദികളിലായി അഞ്ച് ദിവസം നീണ്ടുനിന്ന കലാമേള ഇന്ന് വൈകീട്ടോടെയാണ് സമാപിക്കുന്നത്. എച്ച്.എസ്, എച്ച്.എസ്.എസ് ജനറൽ, എച്ച്.എസ് സംസ്കൃതം, അറബിക് വിഭാഗങ്ങളിൽ ആകെ 239 ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. 10,000ലേറെ വിദ്യാർഥികളാണ് കലോത്സവത്തിൽ മത്സരാർഥികളായി പങ്കെടുത്തത്.