കായംകുളം: ഓച്ചിറ അഴീക്കൽ ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ സ്കൂൾ വിദ്യാർത്ഥിനിയുടെ ജഡം കണ്ടു കിട്ടി. ഓച്ചിറ മേമന ഷെഹ്ന മൻസിൽ ഷെറഫ്ദ്ദീന്റെയും
സജീനയുടെയും മകളായ ഷെഹന ( 16 ) യെയാണ് കഴിഞ്ഞ ദിവസം കടലിൽ കാണാതായത്. അഴീക്കൽ ബീച്ചിൽ ഷഹന കുടുംബത്തോടൊപ്പം എത്തിയതായിരുന്നു. കടലിൽ ഇറങ്ങിയ ശേഷം പെട്ടന്നുണ്ടായ ശക്തമായ തിരയിൽപ്പെട്ടു കഴിഞ്ഞ ദിവസം കാണാതാകുകയായിരുന്നു. രാത്രി 10 മണിയോടു കുടിയായിരുന്നു അപകടം നടന്നത്. സമയം രാത്രി വൈകിയതിനാലും തിരയുടെ ശക്തി കൂടിയത് കൊണ്ടും തെരച്ചിൽ രാത്രി വൈകി നിർത്തിവെക്കുകയായിരുന്നു. ഷെഹന പ്രയാർ ഹൈസ്കൂളിൽ നിന്നും പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞ് റിസൽട്ടിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. സഹോദരി ഫാത്തിമ ഇതേ സ്കൂളിലെ വിദ്യാർത്ഥിയാണ്.
അതേസമയം ഇന്ന് മലയാറ്റൂർ നീലിശ്വരം പഞ്ചായത്തിലെ പെരിയാറിലെ പാറക്കടവിലും വിദ്യാർഥി മുങ്ങി മരിച്ചിരുന്നു. ഒന്നിച്ച് കുളിക്കാനിറങ്ങിയ അഞ്ച് വിദ്യാർഥികളിൽ ഒരാളുടെ ജീവനാണ് നഷ്ടമായത്. മലയാറ്റൂർ നീലിശ്വരം പഞ്ചായത്തിലെ പെരിയാറിലെ പാറക്കടവിലാണ് അപ്രതീക്ഷത ദുരന്തം ഉണ്ടായത്. ഒമ്പതാം ക്ലാസ് വിദ്യാർഥിയായ ജഗന്നാഥനാണ് ജീവൻ നഷ്ടമായത്. 5 വിദ്യാർഥികൾ ഒന്നിച്ചായിരുന്നു ഇവിടെ കുളിക്കാൻ വന്നത്. ഇതിൽ 3 പേർ പുഴയിൽ അകപ്പെടുകയായിരുന്നു. മുങ്ങി താണ രണ്ടു പേരെ മിൻ പിടുത്തകാർ രക്ഷപ്പെടുത്തി. ഏറെനേരത്തെ തെരച്ചിലിനൊടുവിലാണ് ജഗന്നാഥനെ കണ്ടെത്തിയത്. അപ്പോഴേക്കും ജഗന്നാഥന്‍റെ ജീവൻ നഷ്ടമായിരുന്നു. കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.