കൊച്ചി : ഹൈക്കോടതി അഭിഭാഷകനെയും സുഹൃത്തിനെയും മർദിക്കുകയും അന്യായമായി തടവിൽ വെയ്‌ക്കുകയും ചെയ്‌ത സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്‌ടർ കെ സൈജുവിനെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്‌തത്. അഭിഭാഷകനായ ശ്രീനാഥിനെയും സുഹൃത്ത് ആഷിഖിനെയും മർദിച്ച കേസിലാണ് നടപടി.
കഴിഞ്ഞ വ്യാഴാഴ്‌ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മഴ നനയാതിരിക്കാനായി കട വരാന്തയിൽ നിന്ന ശ്രീനാഥിനെയും ആഷിഖിനെയും നൈറ്റ് പട്രോളിങ്ങിനെത്തിയ എസ് ഐയും കൂടെയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് മർദിക്കുകയും അസഭ്യം പറയുകയും ചെയ്‌തുവെന്നാണ് കേസ്. സംഭവം ചിത്രീകരിക്കാൻ ശ്രമിച്ച ശ്രീനാഥിന്റെ മൊബൈൽ പിടിച്ചു വാങ്ങുകയും സ്റ്റേഷനിലെത്തിച്ച് അകാരണമായി തടങ്കലിൽ വെച്ചെന്നും പരാതിയിലുണ്ട്. അഭിഭാഷകരെ ഒന്നടങ്കം അധിക്ഷേപിക്കുകയും ബോണ്ട് ആണെന്നു പറഞ്ഞ് പേപ്പറുകളിൽ ഒപ്പ് ഇടുവിച്ച ശേഷമാണ് വിട്ടയച്ചതെന്നും പരാതിയിൽ പറയുന്നു.
ശ്രീനാഥും സുഹൃത്തും ശേഷം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഈ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ സൈജുവിന്റെ ഭാഗത്തുനിന്നും കൃത്യവിലോപമുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്നും ഉത്തരവുണ്ട്.