ന്യൂഡൽഹി: 2020-21 വർഷങ്ങളിൽ കോവിഡിനെതിരെ മികച്ച പ്രകടനം കാഴ്ച വെച്ച സംസ്ഥാനങ്ങളിൽ കേരളവും തമിഴ്നാടും തെലങ്കാനയും. വലിയ സംസ്ഥാനങ്ങളിൽ ഈ മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് കോവിഡിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തതെന്ന് നീതി ആയോഗിന്റെ വാർഷിക ആരോഗ്യ സൂചികയിൽ പറയുന്നു.
ചെറിയ സംസ്ഥാനങ്ങളിൽ ത്രിപുരയാണ് ഏറ്റവും മികച്ചത്. കേന്ദ്രഭരണപ്രദേശങ്ങളുടെ പട്ടികയിൽ ഡൽഹി ഏറ്റവും താഴേക്കു പോയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും ലോക ബാങ്കിന്റെയും സഹകരണത്തോടെയാണ് നീതി ആയോഗ് പട്ടിക പുറത്തിറക്കിയത്. 2020-21 ആരോഗ്യ സൂചിക റിപ്പോർട്ട് 2022 ഡിസംബറോടെ പുറത്തുവിടേണ്ടതായിരുന്നു. എന്നാൽ പട്ടിക പുറത്തുവിട്ടിട്ടില്ല.
വലിയ സംസ്ഥാനങ്ങൾ, ചെറിയ സംസ്ഥാനങ്ങൾ, യൂനിയൻ ടെറിട്ടറീസ് എന്നീ വിഭാഗങ്ങളിലായാണ് പട്ടിക തയാറാക്കിയത്. 19 സംസ്ഥാനങ്ങളാണ് വലിയ സംസ്ഥാനങ്ങളുടെ പട്ടികയിലുണ്ടായിരുന്നത്. ചെറിയ സംസ്ഥാനങ്ങളിൽ സിക്കിമും ഗോവയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കേന്ദ്രഭരണ പ്രദേശങ്ങളിൽ ലക്ഷദ്വീപ് ആണ് ഒന്നാമത്. 2019-20 വർഷത്തെ പട്ടിക പുറത്തുവിട്ടത് 2020 ഡിസംബറിലാണ്.