മലപ്പുറം : സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പില്‍ കിരീടം വീണ്ടെടുക്കാൻ ഇറങ്ങുമ്പോൾ കേരളത്തിന് കരുത്താവുക മലപ്പുറത്തെ ആരാധകരുടെ പിന്തുണയാവും. മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിലാണ് കേരളത്തിന്‍റെ എല്ലാ മത്സരങ്ങളും. ഇരുപത്തിയൊൻപത് വർഷത്തിനിപ്പുറം സ്വന്തം നാട്ടിൽ കിരീടം നേടുക കൂടിയാണ് കേരളത്തിന്‍റെ ലക്ഷ്യം. സന്തോഷ് ട്രോഫി വേദിയായി കേരളത്തിന് പതിനാലാം ഊഴമാണിത്. ഇതിൽ കിരീടം നേടാനായത് രണ്ട് തവണ മാത്രം. കൊച്ചിയിൽ 1973ലും 1993ലുമായിരുന്നു കേരളം കപ്പുയര്‍ത്തിയത്. ഇരുപത്തിയൊൻപത് വർഷത്തിനിപ്പുറം സ്വന്തം നാട്ടിൽ കേരളം കിരീടം ലക്ഷ്യമിട്ടിറങ്ങുന്നത് കാൽപ്പന്താരവത്തിന്‍റെ നാടായ മലപ്പുറത്താണ് എന്നതാണ് പ്രധാന സവിശേഷത.
കൊച്ചിയിൽ 1955ലാണ് കേരളം ആദ്യമായി സന്തോഷ് ട്രോഫിക്ക് വേദിയായത്. പിന്നീട് 1973ലും 93ലും 2006ലും 2013ലും സന്തോഷ് ട്രോഫി കൊച്ചിയിലേക്കെത്തി. 1956ൽ തിരുവനന്തപുരവും 61ലും 76ലും കോഴിക്കോടും 66ലും 88ലും കൊല്ലവും 82ലും രണ്ടായിരത്തിലും തൃശൂരും 91ൽ പാലക്കാടും സന്തോഷ് ട്രോഫിക്ക് വേദിയായി. ഇവിടെയെല്ലാം ഗാലറികളിൽ സന്തോഷം നിറച്ച മലപ്പുറത്തുകാർക്ക് മുന്നിൽ ആദ്യമായി ബൂട്ടുകെട്ടുമ്പോൾ ഇത്തവണ കേരളത്തിന്‍റെ പുതുനിരയ്ക്ക് ആവേശം ഇരട്ടിയാവും.
ചരിത്രത്തില്‍ ആദ്യമായി മലപ്പുറം സന്തോഷ് ട്രോഫിക്ക് വേദിയാവുമ്പോൾ ടീമിൽ ഏറ്റവും കൂടുതൽ താരങ്ങളുള്ളതും ജില്ലയിൽ നിന്നാണ്, ആറുപേർ. മുഹമ്മദ് ഷഹീഫ്, അർജുൻ ജയരാജ്, സൽമാൻ കള്ളിയത്ത്, ടി കെ ജെസിൻ, ഷിഗിൽ, ഫസലു റഹ്മാൻ എന്നിവരാണ് കേരള ടീമിലെ മലപ്പുറത്തുകാർ. പഞ്ചാബ് ഇന്ന് ഉദ്ഘാടന മത്സരത്തിൽ ബംഗാളിനെ നേരിടും. രാവിലെ ഒൻപതരയ്ക്കാണ് കളി തുടങ്ങുക. കോട്ടപ്പടി സ്റ്റേഡിയത്തിലാണ് മത്സരം. ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്‍റെ പോരാട്ടങ്ങൾക്കും ഇന്ന് തുടക്കമാകും. രാജസ്ഥാനാണ് ആദ്യ എതിരാളികൾ. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് കളി തുടങ്ങുക. പരിചയസമ്പന്നർക്കൊപ്പം പതിമൂന്ന് പുതുമുഖങ്ങളെയാണ് കേരളം അണിനിരത്തുന്നത്. മുപ്പത്തിനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സന്തോഷ് ട്രോഫിയുടെ ഫൈനൽ റൗണ്ടിന് എത്തുന്നതെങ്കിലും രാജസ്ഥാൻറെ കരുത്തിന് ഒട്ടും കുറവില്ല.
കേരള ടീം: മിഥുന്‍ വി, എസ് ഹജ്‌മല്‍ (ഗോള്‍ കീപ്പര്‍മാര്‍). സഞ്ജു ജി, സോയില്‍ ജോഷി, ബിബിന്‍ അജയന്‍, അജയ് അലക്‌സ്, മുഹമ്മദ് സഹീഫ്, പി ടി മുഹമ്മദ് ബാസിത് (പ്രതിരോധം). അര്‍ജുന്‍ ജയരാജ്, അഖില്‍ പി, സല്‍മാന്‍, ഫസലു റഹ്മാന്‍, എന്‍ എസ് ഷിഗില്‍, പി എന്‍ നൗഫല്‍, നിജോ ഗില്‍ബര്‍ട്ട്, മുഹമ്മദ് റാഷിദ്, ജിജോ ജോസഫ് (മധ്യനിര). എം വിഗ്നേഷ്, ജെസിന്‍, മുഹമ്മദ് ഷഫ്‌നാസ് (മുന്നേറ്റം).