കൊച്ചി> സഹകരണ മേഖല കേരളത്തിന്റെ കരുത്താണെന്നും ഒറ്റക്കെട്ടായി സംരക്ഷിക്കുമെന്നും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക്. നിക്ഷേപമുള്ളവരെ ഭയപ്പെടുത്തി സഹകരണ ബാങ്കുകളെ തകർക്കാനാണ് ഇഡിയുടെ ശ്രമം. കേരളത്തിൽ അത് സാധ്യമാകുന്നില്ല. സഹകരണ മേഖലയെ ചേർത്തുനിർത്തി സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഭരണഘടനാപരമായ ഏത് ഉത്തരവാദിത്വവും ഇഡിയ്ക്ക് നിർവഹിക്കാം. ഇപ്പോൾ നടക്കുന്നത് അതല്ല. വാണിജ്യ ബാങ്കുകൾ 15 ലക്ഷം കോടി രൂപയോളമാണ് കിട്ടാക്കടമായി ഏഴുതിത്തള്ളിയത്. കേന്ദ്രം വാണിജ്യ ബാങ്കുകൾക്ക് ലക്ഷങ്ങൾ വായ്പയും നൽകുന്നു. അത്തരം വെട്ടിപ്പുകൾ സഹകരണ മേഖലയിൽ നടക്കില്ല. തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്താനുള്ള അവസരമാണ്. കൃത്യമായി ഓഡിറ്റ് നടത്താനും അതിനു നിയോഗിക്കപ്പെടുന്നവർക്ക് കൃത്യമായ പരിശീലനം നൽകാനുമാകണമെന്നും അദ്ദേഹം പറഞ്ഞു.