തിരുവനന്തപുരം> സംസ്ഥാനത്ത് വനത്തിൽ കടുവകളുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടില്ലെന്ന് മന്ത്രി എ കെ.ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു. 2018 ലെ കണക്കെടുപ്പിൽ ഏകദേശം 190 കടുവകളെ കണ്ടെത്തിയിട്ടുണ്ട്. 2022ലെ അഖിലേന്ത്യാ പോപ്പുലേഷൻ എസ്റ്റിമേറ്റ് പ്രസിദ്ധീകരിച്ചിട്ടില്ല. നിലവിലുള്ള കടുവകൾക്ക് ആവശ്യമായ വിസ്തൃതിയും ആവാസ വ്യവസ്ഥയും സംസ്ഥാനത്തെ കാടുകളിലുണ്ട്.
2006 (46), 2010 (71), 2014 (136), 2018 (190) എന്നിങ്ങനെ കടുവകളുടെ എണ്ണത്തിൽ വാർഷിക വർധനയുണ്ടായിട്ടുണ്ട്. വന്യമൃഗ ആക്രമണത്തിൽ 2011 മുതൽ ഇതുവരെ 1321 പേർക്ക് ജീവഹാനിയുണ്ടായി. വയനാട്ടിൽ മാത്രം 10 വർഷത്തിനിടെ വന്യമൃഗങ്ങൾ മൂലമുള്ള കൃഷിനാശത്തിന് 15.44 കോടി നഷ്ടപരിഹാരം നൽകി. വന്യജീവി ആക്രമണത്തിൽ പരിക്കേറ്റ 1551 പേർക്ക് നഷ്ടപരിഹാരം നൽകാനുണ്ടെന്നും മന്ത്രി പറഞ്ഞു.