തിരുവനന്തപുരം: ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ ഗുജറാത്ത് സന്ദര്‍ശനത്തിനു പിന്നാലെ, ഗുജറാത്തിലേതിനു സമാനമായി സിഎം ഡാഷ് ബോർഡ് സംവിധാനത്തിലേക്കു മാറാൻ കേരളവും തയാറെടുക്കുന്നു. ഗുജറാത്തിലെ സിഎം ഡാഷ് ബോർഡ് സംവിധാനം അതേപടി നടപ്പിലാക്കുന്നതിനു പകരം, ചില നല്ല വശങ്ങൾ മാത്രം സ്വീകരിക്കാനാണ് ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി ഡാഷ് ബോര്‍ഡ് കൺട്രോൾ റൂം ക്ലിഫ് ഹൗസിൽ സജ്ജമാക്കാനാണ് ആദ്യഘട്ട ആലോചന.
ഗുജറാത്തിൽ ഓരോ സർക്കാർ വകുപ്പിലും പദ്ധതിയിലും എന്തു നടക്കുന്നുവെന്നു സ്ക്രീനിലൂടെ തൽസമയം നിരീക്ഷിക്കാൻ 2017ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണിയാണ് സിഎം ഡാഷ് ബോർഡ് എന്ന സംവിധാനം ആരംഭിച്ചത്. 2206 സർക്കാർ പദ്ധതികളും 1501 അതോറിറ്റികളുടെ പ്രവർത്തനവും ഇതിലൂടെ നിരീക്ഷിക്കാം. ഉദ്യോഗസ്ഥരുടെ പ്രകടനത്തിനു ഗ്രേഡ് നൽകാം. നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.
കേരളത്തിലെ 578 സർക്കാർ സേവനങ്ങളിൽ 278 എണ്ണത്തിനു മാത്രമേ നിലവിൽ ഡാഷ് ബോർഡ് ഉള്ളൂ. ഡൽഹിയിൽവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹം നിർദേശിച്ചതനുസരിച്ചാണ് ഡാഷ് ബോർഡ് സംവിധാനത്തെക്കുറിച്ച് പഠിക്കാൻ കേരളം തീരുമാനിച്ചത്. തുടർന്ന് ഏപ്രിൽ 28, 29 തീയതികളിൽ ചീഫ് സെക്രട്ടറി വി.പി.ജോയിയും സ്റ്റാഫ് ഓഫിസർ എൻ.എസ്.കെ. ഉമേഷും ഗുജറാത്ത് സന്ദർശിച്ചു.
ഗുജറാത്തിലേത് മികച്ച സംവിധാനമാണെന്നായിരുന്നു സന്ദർശനത്തിനുശേഷം ചീഫ് സെക്രട്ടറി പ്രതികരിച്ചത്. സന്ദർശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുഖ്യമന്ത്രിക്കു മുന്നിൽ അദ്ദേഹം വിശദീകരിച്ചു. ക്ലിഫ് ഹൗസിൽ പുതിയ സംവിധാനം ഒരുക്കിയാൽ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ മുഖ്യമന്ത്രിയുടെ വിരൽത്തുമ്പിൽ ലഭ്യമാകും.
സെക്രട്ടേറിയറ്റിലെ ഫയൽ നീക്കവും ഉദ്യോഗസ്ഥരുടെ പ്രകടനവും വിലയിരുത്താൻ ഇപ്പോൾത്തന്നെ ഇവിടെ സംവിധാനമുണ്ട്. സെക്രട്ടേറിയറ്റിനു പുറത്ത് മുന്നൂറിനടുത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഫയൽ നീക്കം നിരീക്ഷിക്കുന്നുണ്ട്. പുതിയ സംവിധാനം വരുന്നതോടെ ഇതെല്ലാം ഒരൊറ്റ ഡാഷ് ബോര്‍ഡിനു കീഴിലാകും.