തിരുവനന്തപുരം: കാർഷിക വിളകളിൽ നിന്നും വൈനും ലഹരി കുറഞ്ഞ മദ്യവും ഉൽപ്പാദിപ്പിക്കാൻ ഇന്നത്തെ മന്ത്രി സഭാ യോഗം തീരുമാനിച്ചു. നിലവിലെ മാനദണ്ഡങ്ങൾ പ്രകാരമാകും പുതിയ ഔട്ട്‌ലെറ്റുകൾ തുടങ്ങുക. സംസ്ഥാനത്തു മദ്യ ഉപയോഗം കുറയുന്നുവെന്നും ബെവ്‌കോ ഔട്ട്ലെറ്റുകളിലെ തിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കശുമാങ്ങ, ജാതിക്ക, പൈനാപ്പിൾ, തുടങ്ങിവയിൽ നിന്നുള്ള ഉൽപാദനമാണ് ആദ്യഘട്ടം ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെ പുതുക്കിയ മദ്യ നയത്തിന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഐ ടി പാർക്കുകളിൽ ബാറുകളും പബുകളും വരുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നെങ്കിലും ഇങ്ങിനെയൊരു തീരുമാനമില്ലെന്ന് മന്ത്രി അറിയിച്ചു. അതേസമയം ഐടി പാർക്കുകളിൽ മദ്യം ലഭ്യമാക്കാനുള്ള വഴികൾ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒന്നാം തിയതികളിലെ ഡ്രൈ ഡേ തുടരും. കൂടുതൽ മദ്യശാലകൾ വരുമെന്നും ബെവ്കോ ഔട്ട്ലെറ്റുകളിലെ സൗകര്യം കൂട്ടുമെന്നും മന്ത്രി അറിയിച്ചു. ഡ്രൈ ഡേ വേണ്ടതില്ലെന്ന് കരട് റിപ്പോർട്ടിൽ പറഞ്ഞിരുന്നെങ്കിലും തൊഴിലാളി സംഘടനകളുടെ ആവശ്യത്തെ തുടർന്ന് ഡ്രൈ ഡേ പിൻവലിക്കേണ്ടെന്ന് തീരുമാനിച്ചു.
നിലവിൽ തിരുവനന്തപുരം ടെക്നോപാർക്കിന്‍റെ ഗസ്റ്റ് ഹൗസിൽ ഒരു ബിയർ പാർലർ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്താകെ ഒന്നര ലക്ഷം ഐടി ജീവനക്കാരാണുള്ളത്. തിരുവനന്തപുരം ടെക്നോപാർക്കിൽ മാത്രം 60000 പേർ ജോലി ചെയ്യുന്നുണ്ട്. ടെക്നോ പാർക്ക്, ഇൻഫോ പാർക്ക്, സൈബർ പാർക്ക് എന്നിവിടങ്ങളിലായി ജോലി ചെയ്യുന്നവർക്കായി മദ്യശാലകൾ തുറക്കുന്നത്, കൂടുതൽ ടെക്കികളെ കേരളത്തിലെ ഐടി പാർക്കുകളിലേക്ക് ആകർഷിക്കുമെന്നാണ് കണക്ക് കൂട്ടൽ.
നേരത്തേ നിസ്സാൻ കമ്പനി കേരളത്തിലെത്തിയപ്പോൾ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് ചില നിലപാടുകൾ വ്യക്തമാക്കിയിരുന്നു. കൂടുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ വേണമെന്നായിരുന്നു ഒരു ആവശ്യം. നിസ്സാൻ കമ്പനിയും വിനോദോപാധികൾ കേരളത്തിലെ ഐടി പാർക്കുകളിലില്ലെന്ന് പറഞ്ഞിരുന്നു. പിന്നീട് നാസ്കോം നടത്തിയ പഠനത്തിലും വിനോദോപാധികളുടെ കുറവ് പരിഹരിക്കണമെന്ന് നിർദേശം നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് ഒന്നാം പിണറായി സർക്കാർ ഇത്തരത്തിൽ പബ്ബുകളടക്കം സ്ഥാപിക്കുന്ന കാര്യം ആലോചിക്കാനുള്ള നീക്കവുമായി മുന്നോട്ട് പോയത്.
കൊവിഡ് പ്രതിസന്ധി വന്നതേടെ നീക്കം വഴിമുട്ടി. നിലവിൽ ഐടി പാർക്കുകൾ പലതും കൊവിഡിന് മുൻപത്തെ നിലയിലേക്ക് മാറിവരികയാണ്. ജനങ്ങൾക്ക് ക്യൂ നിൽക്കാതെ മദ്യം വാങ്ങാൻ കഴിയുന്ന തരത്തിലുള്ള സൗകര്യങ്ങളോട് കൂടിയ ബാറുകളും കള്ള് ഷാപ്പുകളും മാത്രമേ ഇനി പുതിയതായി തുടങ്ങൂ. അതേസമയം ബിവറേജസ് കോർപറേഷൻ നിർദേശിച്ച 175 ചില്ലറ വിൽപന ശാലകൾ പുതുതായി അനുവദിക്കില്ല. അതേസമയം വിനോദ സഞ്ചാര മേഖലകളിൽ കൂടുതൽ മദ്യശാലകൾ അനുവദിക്കും. പുതിയ ബെവ്കോ ഔട്ട്ലെറ്റുകൾ തുടങ്ങുമ്പോൾ നാല് കൗണ്ടറിനും വാഹന പാർക്കിങ്ങിനും സ്ഥലം ഉണ്ടായിരിക്കണം. ബെവ്കോകൾ ജന ജീവിതത്തെയോ ഗതാഗതത്തെയോ ബാധിക്കുന്ന സ്ഥലത്താകരുതെന്നും നിർദ്ദേശമുണ്ട്.