ദില്ലി: തൊഴിലാളികളുടെ പ്രതിദിന വേതന നിരക്കിൽ കേരളം, ജമ്മു കശ്മീർ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾ മുൻ നിരയിൽ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ സംസ്ഥാനങ്ങൾ മുൻപന്തിയിൽ. അതേസമയം, വേതനം കുറവുള്ള വ്യവസായവത്കൃത സംസ്ഥാനങ്ങളായ ഗുജറാത്തും മഹാരാഷ്ട്രയും നിക്ഷേപം ആകർഷിക്കുന്നതിൽ മുൻപന്തിയിലാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു
ഇന്ത്യൻ സംസ്ഥാനങ്ങളെക്കുറിച്ചുള്ള ആർബിഐയുടെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം 2022 സാമ്പത്തിക വർഷത്തിൽ, കേരളത്തിലെ നിർമ്മാണ തൊഴിലാളികളുടെ ശരാശരി പ്രതിദിന വേതനം ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്ന സംസ്ഥാനങ്ങളായ ത്രിപുരയിയിലും മധ്യപ്രദേശിലും ഉള്ളതിന്റെ മൂന്നിരട്ടിയിലധികമാണ്.
ത്രിപുരയിൽ 250 രൂപയും മധ്യപ്രദേശിൽ 267 രൂപയും ഗുജറാത്തിൽ 296 രൂപയും മഹാരാഷ്ട്രയിൽ 362 രൂപയാണ് ദിവസവേതനം. ഇതുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ ഒരു നിർമാണ തൊഴിലാളിക്ക് ദിവസവേതനമായി പ്രതിദിനം ശരാശരി 837.3 രൂപ വരുമാനം ലഭിച്ചുവെന്ന് സെൻട്രൽ ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ജമ്മു കശ്മീരിലും ഒരു നിർമ്മാണ തൊഴിലാളിക്ക് ഉയർന്ന വരുമാനം ലഭിക്കുന്നുണ്ട്. ഒരു ദിവസം ശരാശരി 519 രൂപയാണ് ജമ്മു കശ്മീരിലെ വരുമാനം. പ്രതിദിന വേതനം കൂടുതലുള്ള ഒരേയൊരു പ്രദേശം തമിഴ്‌നാട് ആണ്. 478 രൂപ വരെയാണ് ഇവിടെ പ്രതിദിന വേതനം. ഹിമാചൽ പ്രദേശില്‍ 462 രൂപയും ഹരിയാനയില്‍ 420 രൂപയും ആന്ധ്രാപ്രദേശ് 409 രൂപയും തൊഴിലാളികൾക്ക് പ്രതിദിന വേതനമായി ലഭിക്കും.
കാർഷിക, കാർഷികേതര വിഭാഗങ്ങളുടെ കാര്യത്തിലും, ഏറ്റവും കൂടുതൽ പണം നൽകുന്നവർ കേരളവും ഹിമാചൽ പ്രദേശുമാണ്. തൊട്ടുപിന്നാലെ മധ്യപ്രദേശും ഗുജറാത്തും ഉണ്ട്. എന്നിരുന്നാലും, വ്യവസായവത്കൃത സംസ്ഥാനങ്ങൾ നിക്ഷേപം ആകർഷിക്കുന്നതിൽ മുൻനിരയിൽ തുടർന്നു.